വനിത ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യം! അതിവേഗ ഇരട്ട ശതകവുമായി ഷഫാലി വർമ; ഇന്ത്യ ഒറ്റദിനം അടിച്ചെടുത്തത് 525 റൺസ്

ചെന്നൈ: വനിത ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യൻ ബാറ്റർ ഷഫാലി വർമ. വനിത ടെസ്റ്റിൽ അതിവേഗം ഇരട്ട സെഞ്ച്വറി നേടുന്ന താരമായി ഷഫാലി.

ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിലെ ആദ്യ ദിനത്തിലാണ് താരം ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. 194 പന്തിലാണ് ഷഫാലി തന്‍റെ ആദ്യ ഇരട്ട ശതകം പൂർത്തിയാക്കിയത്, അതും റെക്കോഡ് വേഗത്തിൽ. ഈവർഷം തന്നെ ആസ്ട്രേലിയയുടെ അന്നാബെൽ സൂതെർലാൻഡ് 254 പന്തിൽ നേടിയ ഇരട്ട സെഞ്ച്വറിയാണ് ഇന്ത്യൻ താരം മറികടന്നത്. വനിത ടെസ്റ്റ് ക്രിക്കറ്റിൽ ഇരുന്നൂറിൽ താഴെ പന്തിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ താരമാണ്. 73ാം ഓവറിൽ ദക്ഷിണാഫ്രിക്കയുടെ ഡെൽമി ടക്കറെ രണ്ടു സിക്സറുകൾ പറത്തിയാണ് ഷഫാലി ചരിത്ര നേട്ടം സ്വന്തമാക്കിയത്.

അഞ്ചാം ടെസ്റ്റിലാണ് ഷഫാലി ഇരട്ട സെഞ്ച്വറി നേടുന്നത്. മുന്‍ ക്യാപ്റ്റന്‍ മിതാലി രാജിനു ശേഷം ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ വനിത താരമാണ്. 22 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ വനിതയുടെ സെഞ്ച്വറി പിറക്കുന്നത്. ഇംഗ്ലണ്ടിനെതിരെ 2002 ആഗസ്റ്റിൽ ടോണ്‍ടണിലായിരുന്നു മിതാലിയുടെ ഇരട്ട ശതകം (407 പന്തില്‍ നിന്ന് 214). മറ്റൊരു ഓപ്പണറായ സ്മൃതി മന്ഥാനയും സെഞ്ച്വറി നേടിയതോടെ ഒന്നാം ഇന്നിങ്സിന്‍റെ ആദ്യദിനം തന്നെ ഇന്ത്യ കൂറ്റൻ സ്കോർ സ്വന്തമാക്കി. സ്റ്റമ്പെടുക്കുമ്പോൾ ആദ്യം ദിനം ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തിൽ 525 റൺസെടുത്തിട്ടുണ്ട്.

സെഞ്ച്വറി പൂർത്തിയാക്കാൻ 113 പന്തുകൾ എടുത്തെങ്കിൽ, അടുത്ത നൂറ് റൺസിലേക്ക് 83 പന്തുകൾ മാത്രമാണ് എടുത്തത്. 197 പന്തിൽ 205 റൺസെടുത്താണ് ഷഫാലി പുറത്തായത്. എട്ടു സിക്സും 23 ഫോറുമടങ്ങുന്നതാണ് ഇന്നിങ്സ്. റൺ ഔട്ടായാണ് താരം പുറത്തായത്. സ്മൃതി മന്ഥാന 161 പന്തിൽ 149 റൺസെടുത്തു. ജെമീമ റോഡ്രിഗസ് അർധ സെഞ്ച്വറി നേടി (94 പന്തിൽ 55 റൺസ്). 15 റൺസ് എടുത്ത ശുഭ സതീഷിന്‍റെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 76 പന്തിൽ 42 റൺസുമായും റിച്ച ഘോഷ് 33 പന്തിൽ 43 റൺസെടുത്തും ക്രീസിലുണ്ട്.

ഷഫാലിയുടെയും മന്ഥാനയുടെയും ഇന്നിങ്സാണ് ഇന്ത്യയെ വമ്പൻ സ്കോറിലെത്തിച്ചത്. ഏകദിന ശൈലയിൽ ബാറ്റുവീശിയ ഇരുവരും ഒന്നാം വിക്കറ്റിൽ 52 ഓവറിൽ 292 റൺസെടുത്താണ് പിരിഞ്ഞത്.  വനിതാ ക്രിക്കറ്റ് ടെസ്റ്റിലെ ഏറ്റവും ഉയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടാണിത്. 2004ല്‍ കറാച്ചിയില്‍ വെസ്റ്റിന്‍ഡീസിനെതിരെ 241 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ പാകിസ്താന്റെ സാജിത ഷാ-കിരണ്‍ ബലൂച്ച് സഖ്യത്തിന്റെ റെക്കോഡാണ് ഇന്ത്യന്‍ സഖ്യം മറികടന്നത്. 

Tags:    
News Summary - Shafali Verma Becomes First Batter To Score Double Century In Under 200 Balls In Women's Test Cricket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.