മുംബൈ: ഇന്ത്യയും ആസ്ട്രേലിയയും തമ്മിലുള്ള ബോർഡർ ഗവാസ്കർ ട്രോഫി ടൂർണമെന്‍റിലെ ഒന്നാം ടെസ്റ്റിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. നാട്ടിൽ ന്യൂസിലൻഡിനോട് ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ തോൽവി വഴങ്ങിയതിന്‍റെ ക്ഷീണത്തിലാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്.
ഈമാസം 22ന് പെർത്തിലാണ് ആദ്യ മത്സരം. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ നാലു ടെസ്റ്റുകളെങ്കിലും ജയിച്ചെങ്കിൽ മാത്രമേ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷ നിലനിർത്താനാകു. നായകൻ രോഹിത് ശർമയും ശുഭ്മാൻ ഗില്ലും ഇല്ലാതെയാണ് ഇന്ത്യ ആദ്യ ടെസ്റ്റ് കളിക്കുക. പകരം ഉപനായകൻ ജസ്പ്രീത് ബുംറ ടീമിനെ നയിക്കും. ഇതിനിടെയാണ് ടെസ്റ്റിൽ ഇന്ത്യയുടെ അടുത്ത മികച്ച ബാറ്റർ ആരാകുമെന്ന ചോദ്യത്തിന് മുൻ നായകൻ സൗരഗ് ഗാംഗുലി ഉത്തരം നൽകിയിരിക്കുന്നത്. യുവതാരം യശസ്വി ജയ്സ്വാളിനെയും നായകൻ രോഹിത് ശർമയെയും മറികടന്ന് 27കാരനായ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് കോഹ്ലിക്കുശേഷം റെഡ് ബാൾ ക്രിക്കറ്റിൽ ഇന്ത്യയുടെ മികച്ച ബാറ്ററാകുമെന്നാണ് ഗാംഗുലി പറയുന്നത്.
എന്നാൽ, നിശ്ചിത ഓവർ ക്രിക്കറ്റിൽ പന്ത് ഇനിയും മെച്ചപ്പെടാനുണ്ടെന്നും ബി.സി.സി.ഐ മുൻ പ്രസിഡന്‍റ് കൂടിയായ ഗാംഗുലി അഭിപ്രായപ്പെട്ടു. ‘വൈറ്റ്-ബാൾ ക്രിക്കറ്റിൽ താരം ഇനിയും മെച്ചപ്പെടാനുണ്ട്. എന്നാൽ, റെഡ് ബാളിലെ പ്രകടനം അതിശയകരമാണ്. ഇംഗ്ലണ്ടിലും ആസ്‌ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും അവൻ കളിച്ച ഇന്നിങ്സ് നോക്കൂ, റെഡ് -ബാൾ ക്രിക്കറ്റിൽ ഈ തലമുറയിലെ പ്രതിഭ തന്നെയാണ്. കോഹ്ലിക്കുശേഷം ഇന്ത്യയുടെ ഏറ്റവും മികച്ച റെഡ് ബാൾ ബാറ്ററാണ് പന്ത്. പരമ്പരയിൽ അവന് വലിയ സ്വാധീനം ചെലുത്താനാകും’ -ഗാംഗുലി പറഞ്ഞു.
ബോർഡർ-ഗവാസ്കർ ട്രോഫിയിൽ കഴിഞ്ഞ രണ്ടു പര്യടനത്തിലും ഇന്ത്യയുടെ വിജയത്തിൽ പന്ത് നിർണായക പങ്കുവഹിച്ചിരുന്നു. 2018-19 പരമ്പരയിൽ നാലു മത്സരങ്ങളിൽ ഒരു സെഞ്ച്വറി ഉൾപ്പെടെ 350 റൺസുമായി രണ്ടാമത്തെ ടോപ് സ്കോററായിരുന്നു. 2021-21 ടൂറിൽ അഞ്ചു ഇന്നിങ്സുകളിൽനിന്ന് 274 റൺസുമായി ഇന്ത്യയുടെ ടോപ് സ്കോററായിരുന്നു. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ നിരാശപ്പെടുത്തിയ കോഹ്ലി ഓസീസിനെതിരെ ഫോം കണ്ടെത്തുമെന്നും ഗാംഗുലി പ്രത്യാശ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.