കൊൽക്കത്ത: ഐ.പി.എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന് തുടർച്ചയായ മൂന്നാം തോൽവി. ഈഡൻ ഗാർഡൻസിൽ നടന്ന പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 80 റൺസിനാണ് സൺറൈസേഴ്സിനെ വീഴ്ത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 200 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സ് 16.4 ഓവറിൽ 120 റൺസിന് പുറത്തായി.
33 റൺസെടുത്ത ഹെൻറിച്ച് ക്ലാസനും 27 കാമിന്ദു മെൻഡിസുമാണ് അൽപമെങ്കിലും ചെറുത്തുനിന്നത്. കൊൽക്കത്തക്ക് വേണ്ടി വൈഭവ് അറോറയും വരുൺ ചക്രവർത്തിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
ട്രാവിസ് ഹെഡ് (4) അഭിഷേക് ശർമ (2), ഇഷാൻ കിഷൻ (2) തുടങ്ങിയ മുൻനിര താരങ്ങൾ നിലയുറപ്പിക്കും മുൻപെ മടങ്ങി. നിതീഷ് കുമാർ റെഡിയും (19) നായകൻ പാറ്റ് കമിൻസുമാണ് (14) രണ്ടക്കം കടന്ന മറ്റുബാറ്റർമാർ.
നേരത്തെ, വെങ്കിടേഷ് അയ്യരുടെയും (29 പന്തിൽ 60) ആൻഗ്ക്രിഷ് രഘുവംഷിയുടേയും (32 പന്തിൽ 50) അർധശതകങ്ങളാണ് കൊൽക്കത്തക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത പതർച്ചയോടെയാണ് തുടങ്ങിയത്.
ആറ് പന്തിൽ ഒരു റൺ മാത്രമെടുത്ത ഓപണർ ക്വിന്റൺ ഡി കോക്കിനെ രണ്ടാം ഓവറിൽ സീഷൻ അൻസാരിയുടെ കൈകളിലെത്തിച്ചു പാറ്റ് കമ്മിൻസ്. ഏഴ് പന്തിൽ ഏഴ് റൺസ് നേടിയ മറ്റൊരു ഓപണർ സുനിൽ നരെയ്നെ തൊട്ടടുത്ത ഓവറിൽ മുഹമ്മദ് ഷമിയും പറഞ്ഞുവിട്ടു. വിക്കറ്റിന് പിറകിൽ ഹെൻറിച് ക്ലാസെന് ക്യാച്ച്. രണ്ട് വിക്കറ്റിന് 16 റൺസിലേക്ക് പരുങ്ങിയ ടീമിനെ കരകയറ്റേണ്ട ചുമതല ക്യാപ്റ്റൻ അജിൻക്യ രഹാനെയുടെ ചുമലിലായി. രഘുവംശി ശക്തമായ പിന്തുണ നൽകിയതോടെ സ്കോർ ബോർഡ് ചലിച്ചു. 11 ഓവർ പൂർത്താകവെ ഈ സഖ്യം പൊളിഞ്ഞു. 27 പന്തിൽ 38 റൺസടിച്ച രഹാനെ പുറത്ത്. അൻസാരിയുടെ ഓവറിൽ ക്ലാസെന് മറ്റൊരു ക്യാച്ച്. സ്കോർ അപ്പോൾ മൂന്നിന് 99.
30 പന്തിൽ അർധ ശതകം കുറിച്ച രഘുവംശി പിന്നാലെ മടങ്ങി. 13ാം ഓവർ എറിഞ്ഞ കമിന്ദു മെൻഡിസ് താരത്തെ ഹർഷൽ പട്ടേലിന്റെ കരങ്ങളിലേക്കയച്ചു. അഞ്ച് ഫോറും രണ്ട് സിക്സുമടങ്ങുന്നതായിരുന്നു പ്രകടനം. 106ൽ നാലാം വിക്കറ്റ്. തുടർന്ന് ക്രീസിൽ സംഗമിച്ച വെങ്കിടേഷ്-റിങ്കു കൂട്ടുകെട്ട് നടത്തിയ വെടിക്കെട്ടാണ് സ്കോർ 200ലേക്ക് കൊണ്ടുപോയത്. 25 പന്തുകളിൽ 50ലെത്തിയ വെങ്കിടേഷ് 20ാം ഓവറിലെ മൂന്നാം പന്തിൽ അനികേത് വർമക്ക് ക്യാച്ചും ഹർഷലിന് വിക്കറ്റും സമ്മാനിച്ചു. ഏഴ് ഫോറും മൂന്ന് സിക്സുമടങ്ങുന്നതായിരുന്നു ഇന്നിങ്സ്. ആന്ദ്രെ റസ്സലിനെ (1) അവസാന പന്തിൽ ക്ലാസെൻ റണ്ണൗട്ടാക്കി. റിങ്കു സിങ് 17 പന്തിൽ 32 റൺസുമായി പുറത്താവാതെ നിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.