തലപൊക്കും മുൻപെ എറിഞ്ഞ് വീഴ്ത്തി  സിറാജ്; സൺറൈസേഴ്സിനെതിരെ ഗുജറാത്തിന് 153 റൺസ് വിജയലക്ഷ്യം

'തല'പൊക്കും മുൻപെ എറിഞ്ഞ് വീഴ്ത്തി സിറാജ്; സൺറൈസേഴ്സിനെതിരെ ഗുജറാത്തിന് 153 റൺസ് വിജയലക്ഷ്യം

ഹൈദരാബാദ്: നാല് വിക്കറ്റ് വീഴ്ത്തി മുഹമ്മദ് സിറാജ് കളംനിറഞ്ഞാടിയ മത്സരത്തിൽ വീണ്ടും 'നനഞ്ഞ പടക്കമായി' സൺറൈസേഴ്സ് ഹൈദരാബാദിന്റെ കരുത്തുറ്റ ബാറ്റിങ് നിര.

ഗുജറാത്ത് ടൈറ്റൻസിനെതിരെ ആദ്യം ബാറ്റ് ചെയ്ത് സൺറൈസേഴ്സ് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 152 റൺസെടുത്തു. 31 റൺസെടുത്ത നിതീഷ് കുമാർ റെഡിയാണ് ടോപ് സ്കോറർ. ഗുജറാത്തിന് വേണ്ടി പ്രസിദ്ധ് കൃഷ്ണ, സായ് കിഷോർ എന്നിവർ രണ്ടുവീതം വിക്കറ്റ് വീഴ്ത്തി.

ഹൈദരാബാദിലെ ഉപ്പൽ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സിനെ ഞെട്ടിച്ചാണ് മുഹമ്മദ് സിറാജ് തുടങ്ങിയത്. അപകടകാരികളായ ട്രാവിസ് ഹെഡിനെയും (8), അഭിഷേക് ശർമയെയും (18) സിറാജ് വേഗം പറഞ്ഞയച്ചു. 

ഇശാൻ കിഷനെയും (17) വീഴ്ത്തി പ്രസിദ്ധ് കൃഷ്ണയും സൺറൈസേഴ്സിനെ പ്രതിരോധിത്തിലാക്കി. തുടർന്ന് നിതീഷ് കുമാർ റെഡിയും ഹെൻറിച്ച് ക്ലാസനും ചേർന്ന് ടീമിനെ കരകയറ്റി സ്കോർ നൂറ് കടത്തി. 19 പന്തിൽ 27 റൺസെടുത്ത ക്ലാസനെയും 34 പന്തിൽ 31 റൺസെടുത്ത നിതീഷിനെയും പുറത്തായി സായ് കിഷോർ കൂട്ടുകെട്ട് പൊളിച്ചു. അനികെത് വർമയെയും (18) സിമർജീത് സിങ്ങിനെയും (0) രണ്ടു പന്തുകൾക്കിടയിൽ പറഞ്ഞയച്ച് സിറാജ് വിക്കറ്റ് നേട്ടം നാലാക്കി ഉയർത്തി. നാല് ഓവറിൽ 17 റൺസ് മാത്രം വിട്ടുകൊടുത്താണ് സിറാജ് നാല് വിക്കറ്റ് വീഴ്ത്തിയത്.

കാമിന്ദു മെൻഡിസ് ഒരു റൺസെടുത്ത് മടങ്ങി. അവസാന ഓവറുകളിൽ ആഞ്ഞടിച്ച നായകൻ പാറ്റ് കമിൻസിന്റെ ഇന്നിങ്സാണ് (9 പന്തിൽ 22) ഹൈദരാബാദിനെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. രണ്ട് പന്തിൽ ആറ് റൺസെടുത്ത മുഹമ്മദ് ഷമി പുറത്താകാതെ നിന്നു.  

Tags:    
News Summary - sunrisers hyderabad vs gujarat titans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.