ambatti raydu 98798

'അമ്പാട്ടി റായിഡുവിന് ലോകകപ്പ് കിറ്റ് വരെ നൽകിയ ശേഷമാണ് ടീമിൽ നിന്ന് ഒഴിവാക്കിയത്, പിന്നിൽ ആ ഒറ്റയാളുടെ ഇഷ്ടക്കേട്'

മുൻ താരം അമ്പാട്ടി റായിഡുവിനെ 2019 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഉൾപ്പെടുത്താത്തത് വിരാട് കോഹ്‌ലിയുടെ മാത്രം താൽപര്യക്കുറവ് കാരണമാണെന്ന് റോബിൻ ഉത്തപ്പ. തനിക്ക് താൽപര്യമുള്ളവർ മാത്രം ടീമിലുണ്ടായാൽ മതിയെന്ന നിലപാടാണ് കോഹ്‌ലിക്കെന്നും ഉത്തപ്പ തുറന്നടിച്ചു.

'വിരാട് കോഹ്‌ലിക്ക് ആരെയെങ്കിലും ഇഷ്ടമല്ലെങ്കിൽ അവർ ടീമിന് പുറത്താണ്. അതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് അമ്പാട്ടി റായിഡു. എല്ലാവർക്കും അവരവരുടേതായ മുൻഗണനയുണ്ടാകുമെന്നത് അംഗീകരിക്കാം. എന്നാൽ, ഒരാളെ വീട്ടിലേക്ക് വിളിച്ചുവരുത്തി വാതിൽ വലിച്ചടക്കുന്നത് തെറ്റാണ്' -ഒരു അഭിമുഖത്തിൽ ഉത്തപ്പ പറഞ്ഞു.

 

'2019 ലോകകപ്പിന് മുന്നോടിയായി അമ്പാട്ടി റായിഡുവിന് ലോകകപ്പ് ജഴ്സിയും കിറ്റുകളും വീട്ടിലെത്തിച്ച് നൽകിയതാണ്. അതിന് ശേഷമാണ് റായിഡുവിനെ ടീമിൽ ഉൾപ്പെടുത്താതിരുന്നത്. അത് അനീതിയാണ്. ഒരാളോടും അങ്ങനെ ചെയ്യാൻ പാടില്ല' -ഉത്തപ്പ പറഞ്ഞു.

മികച്ച ഫോമിലായിരുന്നിട്ട്​ കൂടി 2019 ലോകകപ്പിൽ ഇന്ത്യൻ ടീമിൽ നിന്ന്​ അമ്പാട്ടി റായിഡുവിനെ തഴഞ്ഞതിൽ അന്നുതന്നെ പലരും വിമർശനമുന്നയിച്ചിരുന്നു. ലോകകപ്പ് ടീമില്‍ നിന്ന് റായിഡുവിനെ ഒഴിവാക്കിയത് അനീതിയാണെന്ന് അന്ന് ഹർഭജൻ സിങ് വിമർശിച്ചിരുന്നു. ടീമിൽ നിന്ന് തഴഞ്ഞതിന് പിന്നാലെ പ്രതിഷേധ സൂചകമായി റായിഡു വിരമിക്കൽ പ്രഖ്യാപനം നടത്തുകയും ചെയ്​തിരുന്നു. എന്നാൽ, ഇതിന് ശേഷമുള്ള ഐ.പി.എൽ സീസണിൽ റായിഡു മികച്ച ഫോം തുടർന്നു. 2023ലാണ് താരം ഐ.പി.എല്ലിൽ നിന്നും വിരമിച്ചത്.

 

കോഹ്ലിയുടെ നേതൃത്വം എല്ലാവരെയും ഉൾക്കൊള്ളുന്നതല്ലെന്നും ഉത്തപ്പ വിമർശിച്ചു. “വിരാടിന്റെ നായകത്വം എല്ലാവരെയും ഉൾക്കൊള്ളുന്നതായിരുന്നില്ല. തന്നെപ്പോലെ ആയാൽ മാത്രമേ അടുത്തയാളും ടീമിൽ കളിക്കാൻ കൊള്ളാവുന്ന ആളാകൂ എന്ന സമീപനമാണ് അദ്ദേഹത്തിന്റേത്. ഫിറ്റനസ്, ഭക്ഷണരീതി എല്ലാത്തിലും അദ്ദേഹത്തിന്റേതായ രീതിയുണ്ട്. എന്നാൽ രോഹിത് അങ്ങനെയല്ല. എല്ലാവരേയും അംഗീകരിക്കുന്നതാണ് രോഹിത്തിന്റെ രീതി. നിങ്ങൾ എങ്ങനെയാണോ, അങ്ങനെ കളിക്കാനാണ് രോഹിത് പറയുക. വിരാടിനു കീഴിൽ ഞാൻ കളിച്ചിട്ടില്ല. എന്നാൽ അദ്ദേഹത്തിന്റെ ക്യാപ്റ്റൻസി നിരീക്ഷിക്കാറുണ്ടായിരുന്നു.

‘ഒന്നുകിൽ എന്റെ വഴി അല്ലെങ്കിൽ പെരുവഴി’ എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഇരുവരും വ്യത്യസ്തരായ ക്യാപ്റ്റൻമാരാണ്. ചില ക്യാപ്റ്റൻമാർ ഇതൊക്കെയാണ് കളിയുടെ നിലവാരം നിർണയിക്കുന്നതെന്ന് പറയുന്നു. എന്നാൽ മറ്റു ചിലർ ഓരോരുത്തരുടെയും നിലവാരം മനസ്സിലാക്കി. അവർക്ക് വേണ്ടത് ചെയ്തുനൽകുന്നു. വിരാടും രോഹിത്തും തമ്മിലുള്ള വ്യത്യാസം അതാണ്. രണ്ടും നിങ്ങൾക്ക് റിസൽറ്റ് നേടിത്തരും. പക്ഷേ സഹതാരങ്ങളിൽ ഉണ്ടാക്കുന്ന മതിപ്പ് വ്യത്യസ്തമായിരിക്കും” -ഉത്തപ്പ പറഞ്ഞു. യുവരാജ് സിങ് കരിയർ വേഗത്തിൽ അവസാനിപ്പിച്ചതിൽ കോഹ്‌ലിക്ക് പങ്കുണ്ടെന്നും ഉത്തപ്പ പറഞ്ഞു. 

Tags:    
News Summary - Virat Kohli didnt like him Robin Uthappa reveals Ambati Rayudus snub from 2019 ODI World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.