ചെന്നൈ: തോറ്റുപോകുമായിരുന്ന ഒരു മത്സരം ഉജ്ജ്വലമായ തിരിച്ചുവരവിലൂടെ കൈപ്പിടിയിലാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ആസ്ട്രേലിയക്കെതിരായ ലോകകപ്പ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന്റെ ആദ്യ മത്സരത്തിൽ രോഹിത് ശർമയും സംഘവും കാത്തിരുന്ന തുടക്കം. സ്പിന്നർമാരെ തീർത്തും തുണച്ച ചെപ്പോക്കിലെ വിക്കറ്റിൽ കങ്കാരുപ്പടയെ 199 റൺസിലൊതുക്കിയ ശേഷം ദുർഘടമായ പാതകൾ മറികടന്നാണ് ഇന്ത്യൻ വിജയം. 1983ലെ ലോകകപ്പിൽ ആദ്യ അഞ്ചു വിക്കറ്റുകൾ 17 റൺസിന് നഷ്ടമായശേഷം കപിൽ ദേവ് നടത്തിയ വീരോചിത ചെറുത്തുനിൽപിന്റെ സ്മരണകളുണർത്തുന്നതായിരുന്നു വിരാട് കോഹ്ലിയും കെ.എൽ. രാഹുലും ചേർന്ന സംഘടിത പോരാട്ടം.
വളരെ ചെറിയ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യക്ക് അധികമായി ലഭിച്ച രണ്ടു റൺ മാത്രം സ്കോർബോർഡിലിരിക്കെ മൂന്നു മുൻനിരക്കാരെ പൂജ്യത്തിനാണ് നഷ്ടമായത്. അതും വീണുകിട്ടുന്ന അവസരങ്ങൾ വിജയവഴിയാക്കുന്ന ആസ്ട്രേലിയയോട്. ഇടക്ക് മിച്ചൽ മാർഷിന്റെ കൈകളിലൂടെ കോഹ്ലി ഊർന്നുപോയില്ലായിരുന്നെങ്കിൽ ഇന്ത്യയുടെ കഥ അവിടെ തീരുമായിരുന്നുവെന്ന് കരുതുന്നവരാണ് ക്രിക്കറ്റ് നിരീക്ഷകരിലേറെയും. തുടർന്നങ്ങോട്ട് കോഹ്ലിയും കെ.എൽ. രാഹുലും അവസരത്തിനൊത്തുയർന്ന് വിജയത്തിലേക്കു നയിച്ചത് ടീം ഇന്ത്യയുടെ കപ്പ് പ്രയാണത്തിന് നൽകുന്ന ആത്മവിശ്വാസം ഒട്ടും ചെറുതല്ല. സമ്മർദങ്ങളെ അതിജയിക്കാനും പ്രതിബന്ധങ്ങളെ മറികടക്കാനും ടീമിന് കരുത്തുപകരുന്നതാണ് ഈ വിജയം.
വമ്പന്മാരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡും പാകിസ്താനും പിന്നാലെ വരുമ്പോൾ സെമി എന്ന ആദ്യ കടമ്പ കടക്കാൻ വിജയത്തുടക്കം അനിവാര്യമായിരുന്നു. 1996നുശേഷം ആദ്യമായാണ് ആസ്ട്രേലിയ ലോകകപ്പിലെ ആദ്യ മത്സരം തോൽക്കുന്നത്. ആസ്ട്രേലിയക്കെതിരെ നേടിയ ഏറെ ആഗ്രഹിച്ച വിജയം കരുത്തുപകരുമ്പോഴും പരിഹരിക്കേണ്ട ഘടകങ്ങൾ ഇനിയുമുണ്ടെന്നാണ് ചെപ്പോക്ക് നൽകുന്ന പാഠം. ഒരു സമ്പൂർണ ടീം കൈവശമുണ്ടെന്നാണ് മത്സരത്തലേന്ന് ക്യാപ്റ്റൻ നൽകിയ സൂചന.
ഏകദിനങ്ങളിൽ ഒരിക്കലും ഉയർന്ന സ്കോർ വരാത്ത ചെപ്പോക്കിൽ സ്പിന്നർമാർ കണക്കുകൂട്ടലുകൾക്കനുസരിച്ചാണ് പന്തെറിഞ്ഞത്. ഓസീസിന്റെ ലോകോത്തര ബാറ്റിങ്നിരക്ക് ഒരിക്കൽപോലും സ്പിൻ കെണിയിൽനിന്ന് മോചിതരാകാനായില്ല. പേസർമാരും തീർത്തും നിരാശരാക്കിയില്ല. ഫലം വിജയത്തിലേക്ക് എളുപ്പം കുതിക്കാവുന്ന ചെറിയ ലക്ഷ്യമായിരുന്നു ഇന്ത്യൻ ബാറ്റർമാർക്ക് മുന്നിലുണ്ടായിരുന്നത്. ഇത്രയും കുറഞ്ഞ സ്കോർ പിന്തുടരുമ്പോൾ വ്യക്തമായൊരു ഗെയിം പ്ലാനുമായാവണം ഇന്ത്യ ക്രീസിലിറങ്ങേണ്ടിയിരുന്നത്. എന്നാൽ, അതുണ്ടായില്ലെന്നു മാത്രമല്ല, തുടക്കത്തിൽതന്നെ അനാവശ്യമായ ഷോട്ടുകൾ കളിച്ച് തോൽവിയുടെ മുഖത്തെത്തുകയും ചെയ്തു.
അലക്ഷ്യമായി ബാറ്റ് വീശുന്ന ഇഷാൻ കിഷൻ പലതവണ നിരുത്തരവാദ ഷോട്ടിന് പഴികേട്ടതാണ്. ശുഭ്മൻ ഗില്ലിന് പകരം ആദ്യ മത്സരത്തിൽ അവസരം ലഭിച്ചപ്പോഴും ഇഷാൻ അതേ കളി തുടരാനാണ് ശ്രമിച്ചത്. ക്രീസിൽ നിലയുറപ്പിക്കുംമുമ്പേ അടിച്ചുതുലച്ചത് വെറുമൊരു വിക്കറ്റായിരുന്നില്ല. ക്രിക്കറ്റ് ജീവനാക്കിയ ഒരു ജനക്കൂട്ടത്തിന്റെ വികാരങ്ങളായിരുന്നു. സഞ്ജു സാംസൺ എന്ന മലയാളിക്കുവേണ്ടിയുള്ള നിലവിളി മറികടന്നാണ് കിഷൻ ടീമിൽ ഇടംപിടിച്ചത്.
നെറ്റ്സിൽ ഷോട്ട്പിച്ച് പന്തുകളിൽ കളിക്കാൻ ഏകാഗ്രത പുലർത്തിയ ശ്രേയസ് അയ്യർ ആദ്യ പന്തുതന്നെ കവറിൽ വാർണറുടെ കൈകളിൽ അടിച്ചുനൽകിയത് മാപ്പില്ലാത്ത പാതകമാണ്. അത്രയും നിർണായക ഘട്ടത്തിൽ ഷോട്ട് സെലക്ഷൻ അതി നിർണായകമായിരുന്നു. പരിക്കിൽനിന്ന് മോചിതനായി തിരിച്ചെത്തിയ അയ്യരുടെ ശൈലിയും ഏറെ വിമർശിക്കപ്പെട്ടു. ഇഷാനും അയ്യരും എണ്ണംപറഞ്ഞ ഫീൽഡിങ്ങിലൂടെ ഞായറാഴ്ച രക്ഷിച്ചെടുത്ത റണ്ണുകളുടെ വരവ് പിഴച്ച ഷോട്ടുകളിൽ നഷ്ടമായി.
മറുവശത്ത് ജീവൻ ലഭിച്ച കോഹ്ലി നൽകിയ കരുത്താണ് പഴുതില്ലാതെ കളിച്ച രാഹുലിനും തുണയായത്. പുതിയ പന്തിന്റെ തിളക്കം പോയതോടെ മൂർച്ച കുറഞ്ഞ പേസ് ആക്രമണത്തെ പക്വതയോടെ നേരിട്ട ഇരുവരും ഒറ്റയും തെറ്റയും റണ്ണെടുത്താണ് ടീമിനെ വിജയതീരത്തെത്തിച്ചത്. ഈ പോരാട്ടവീര്യമാണ് ഇനിയങ്ങോട്ട് ഇന്ത്യയുടെ പ്രചോദനവും. ബുധനാഴ്ച ഡൽഹിയിൽ അഫ്ഗാനിസ്താനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. പിന്നാലെ ശനിയാഴ്ച അഹ്മദാബാദിൽ പാകിസ്താനോട്. ഒമ്പതു വേദികളിൽ ഓട്ട പ്രദക്ഷിണം നടത്തേണ്ട ഇന്ത്യ ഇനിയുള്ള മത്സരങ്ങളിൽ കൂടുതൽ ഗൃഹപാഠം ചെയ്യുമെന്നുതന്നെ വേണം കരുതാൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.