'രാജ്യത്തിനുവേണ്ടി കളിക്കുന്നതിനേക്കാൾ വലുതായി ഒന്നുമില്ല'; സിറാജിനെ അഭിനന്ദിച്ച്​ വസീം ജാഫർ

രാജ്യത്തിനുവേണ്ടി കളിക്കുന്നതിനേക്കാൾ വലുതായി ഒന്നുമില്ലെന്ന്​ മുൻ ഇന്ത്യൻ ക്രിക്കറ്റ്​ താരം വസീം ജാഫർ. ദേശീയഗാനത്തിനിടെ കണ്ണീരണിഞ്ഞ​ ഇന്ത്യൻ ഫാസ്റ്റ്​ബൗളർ മുഹമ്മദ്​ സിറാജിന്‍റെ ചിത്രവും ജാഫർ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്​.​ ഇന്ത്യ-ആസ്​ട്രേലിയ മൂന്നാം ടെസ്റ്റ്​ തുടങ്ങുന്നതിന്​ മുമ്പ്​ ദേശീയഗാനം മുഴങ്ങിയപ്പോഴാണ്​ സിറാജ്​ കണ്ണീരണിഞ്ഞത്​. 'നിങ്ങൾക്കായി ആർത്തുവിളിക്കാൻ ആൾക്കൂട്ടം ഇല്ലെങ്കിലും ഇന്ത്യക്ക് വേണ്ടി കളിക്കുന്നതിനേക്കാൾ പ്രചോദനം തരുന്ന മറ്റൊന്നുമില്ല. ഒരു ഇതിഹാസം ഒരിക്കൽ പറഞ്ഞതുപോലെ 'നിങ്ങൾ ജനക്കൂട്ടത്തിന് വേണ്ടി കളിക്കരുത്, നിങ്ങൾ രാജ്യത്തിനായി കളിക്കുക' -ജാഫർ കുറിച്ചു.

മുഹമ്മദ്​ സിറാജ്​ ആസ്​ട്രേലിയയിൽ ടീമിനൊപ്പം പരിശീലനത്തിനായിരിക്കു​േമ്പാൾ കഴിഞ്ഞ നവംബറിൽ അദ്ദേഹത്തിന്‍റെ പിതാവ്​ മരണപ്പെട്ടിരുന്നു. എന്നാൽ, ക്വാറന്‍റീൻ നിയന്ത്രണങ്ങളുള്ളതിനാൽ സിറാജിന്​ നാട്ടിൽ പോകാൻ സാധിച്ചിരുന്നില്ല. ഇതിനാൽ പിതാവിന്‍റെ അന്ത്യകർമ്മങ്ങളിൽ പ​ങ്കെടുക്കാൻ സിറാജിന്​ കഴിഞ്ഞില്ല. പിന്നീട്​ പിതാവിന്‍റെ ഏറ്റവും വലിയ സ്വപ്​നമാണ് സിറാജ്​ ഇന്ത്യ-ആസ്​ട്രേലിയ പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ കളിച്ചതിലൂടെ​ യാഥാർഥ്യമായതെന്ന്​ അദ്ദേഹത്തിന്‍റെ സഹോദരൻ പ്രതികരിച്ചിരുന്നു.

അഞ്ച്​ വിക്കറ്റ്​ നേടി ആദ്യ ടെസ്റ്റിൽ തന്നെ സിറാജ്​ മികച്ച പ്രകടനം നടത്തിയിരുന്നു. ഓസീസിനെ തകർത്ത്​ ടെസ്റ്റിൽ വിജയം നേടാൻ സിറാജിന്‍റെ സാന്നിധ്യവും ഇന്ത്യക്ക്​ കരുത്തായിരുന്നു. രഞ്​ജി ട്രോഫിയിലെ ഏറ്റവും വലിയ റൺ വേട്ടകാരനാണ്​ വസീം ജാഫർ. രഞ്​ജിയിൽ ഏറ്റവും കൂടുതൽ കളികൾ പൂർത്തിയാക്കിയ ആളും അദ്ദേഹമാണ്​​. അന്താരാഷ്​ട്ര മത്സരങ്ങളിൽ വേണ്ടത്ര അവസരങ്ങൾ ലഭിക്കാതെപോയ ജാഫർ 32 ടെസ്റ്റുകളും രണ്ട്​ ഏകദിനങ്ങളും​ കളിച്ചിട്ടുണ്ട്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.