ബറോഡ: വിസ്ഫോടനാത്മക ബാറ്റിങ്ങിന്‍റെ ശൗര്യവുമായി ഇന്ത്യൻ ക്രിക്കറ്റിനെ ത്രസിപ്പിച്ച യൂസുഫ് പത്താൻ കളിയുടെ പോർവീര്യങ്ങളിൽനിന്ന് പാഡഴിച്ചുപിൻവാങ്ങി. ഇന്ത്യക്കുവേണ്ടി ബാറ്റിങ്ങിലും ബൗളിങ്ങിലും മികവുറ്റ പ്രകടനങ്ങൾ കാഴ്ചവെച്ച 38കാരൻ ട്വിറ്ററിലൂടെയാണ് കളിയിൽനിന്ന് വിരമിക്കുന്ന വിവരം അറിയിച്ചത്. രാജ്യാന്തര മത്സരങ്ങളും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റും ഉൾപെടെ എല്ലാ ഫോർമാറ്റുകളിൽനിന്നും വിരമിക്കുന്നതായാണ് യൂസുഫിന്‍റെ പ്രഖ്യാപനം.
ഇന്ത്യൻ ടീമിനൊപ്പം രണ്ടു ലോകകപ്പ് വിജയങ്ങളിൽ പങ്കാളിയാണ് ഈ ബറോഡക്കാരൻ. 2007ലെ ട്വന്‍റി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും ഈ വെടിക്കെട്ടുവീരന്‍റെ കൈയൊപ്പുണ്ട്. കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് നിരയിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം, ടീമിനൊപ്പം ഐ.പി.എൽ വിജയത്തിലും പങ്കാളിയായി. നൈറ്റ്റൈഡേഴ്സിെനാപ്പം രണ്ടു തവണയും രാജസ്ഥാൻ റോയൽസിനൊപ്പം ഒരു തവണയും ചാമ്പ്യൻപട്ടത്തിലേറി. 'ഇത്രകാലം എന്‍റെ നിറമനസ്സോടെ പിന്തുണക്കുകയും സ്നേഹിക്കുകയും ചെയ്ത എന്‍റെ കുടുംബം, സുഹൃത്തുക്കൾ, ആരാധകർ, ടീമുകൾ, പരിശീലകർ എന്നിവർക്കെല്ലാം ഈ അവസരത്തിൽ നന്ദി അറിയിക്കുന്നു'-വിരമിക്കൽ തീരുമാനം വിശദീകരിക്കുന്ന കുറിപ്പിൽ യൂസുഫ് എഴുതി. മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താന്‍റെ സഹോദരനാണ് യൂസുഫ്.
57 ഏകദിനങ്ങളിൽ രണ്ടു സെഞ്ച്വറിയടക്കം 810 റൺസ് നേടിയ യൂസുഫിന്‍റെ സ്ട്രൈക് റേറ്റ് 113.60 ആണ്. 22 ട്വന്‍റി20 മത്സരങ്ങളിൽ 236 റൺസും നേടിയിട്ടുണ്ട്. 100 ഫസ്റ്റ് ക്ളാസ് മത്സരങ്ങളിലും 199 ലിസ്റ്റ് എ മത്സരങ്ങളിലും കളത്തിലിറങ്ങിയ ഓൾറൗണ്ടർ ഐ.പി.എൽ ഉൾപെടെ മൊത്തം 274 ട്വന്‍റി20 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. ട്വന്‍റി20യിൽ മൊത്തം ഒരു സെഞ്ച്വറിയും 21 അർധസെഞ്ച്വറിയുമടക്കം 140 സ്ട്രൈക് റേറ്റിൽ 4852 റൺസ് നേടി.
ഏകദിനങ്ങളിൽ 33ഉം രാജ്യാന്തര ട്വന്‍റി20യിൽ 13ഉം വിക്കറ്റെടുത്തിട്ടുണ്ട്. ട്വന്‍റി20 കരിയറിൽ മൊത്തം 99 വിക്കറ്റാണ് സമ്പാദ്യം. ലിസ്റ്റ് എയിൽ 124ഉം ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ 201ഉം വിക്കറ്റുകൾക്ക് ഉടമയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.