ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനെ പുകഴ്ത്തി ഇതിഹാസ സ്പിന്നർ ആർ. അശ്വിൻ. പന്ത് സ്വന്തം കഴിവ് പൂർണമായി തിരിച്ചറിഞ്ഞാൽ അവന് എല്ലാ മത്സരത്തിലും സെഞ്ച്വറി നേടാൻ സാധിക്കുമെന്ന് അശ്വിൻ പറയുന്നു. കഴിഞ്ഞ ബോർഡർ ഗവാസ്കർ ട്രോഫി പരമ്പരയിൽ ബാറ്റ് കൊണ്ട് കാര്യമായ പ്രകടനമൊന്നും പന്തിന് നടത്താൻ സാധിച്ചില്ല. അഞ്ച് മത്സരത്തിൽ നിന്നും 28.33 ശരാശരിയിൽ 255 റൺസാണ് പന്ത് നേടിയത്. സിഡ്നിയിൽ നടന്ന അവസാന ടെസ്റ്റിൽ നേടിയ 61 റൺസാണ് അദ്ദേഹത്തിന്‍റെ ഉയർന്ന സ്കോർ. പന്തിന്‍റെ അഗ്രസീവ് രീതി കുറച്ചുകൂടെ ശ്രദ്ധിച്ച് കളിച്ചാൽ എല്ലാ മത്സരത്തിലും റൺസ് വാരമെന്നാണ് അശ്വിൻ പറയുന്നത്.
'നിലയുറപ്പിച്ച് കളിക്കണോ അതോ ഇന്‍റന്‍റോടെ കളിക്കണോ എന്ന് അവനെ നമ്മൾ ഉപദേശിക്കേണ്ടതുണ്ട്. അവൻ ഒരുപാട് റൺസൊന്നും നേടിയിട്ടില്ല എന്നാൽ റൺസ് അടിക്കാത്തവരെ പോലെയല്ല അവൻ ബാറ്റ് ചെയ്യുക. അവന് ഇനിയും ഒരുപാട് സമയമുണ്ട്. ഋഷഭ് പന്ത് ഇനിയും അവന്‍റെ പൂർണ കഴിവ് മനസിലാക്കിയിട്ടില്ല.
അവന് എല്ലാ ഷോട്ടും കളിക്കാൻ സാധിക്കും. എന്നാൽ പ്രശ്നമെന്താണെന്ന് വെച്ചാൽ എല്ലാം വളരെ റിസ്കുള്ള ഷോട്ടുകളാണ്. അവന്‍റെ പ്രതിരോധം കൊണ്ട് മാത്രം എല്ലാ മത്സരത്തിലും 200 ബോളുകളോളം കളിച്ചാൽ അവന് ഒരുപാട് റൺസ് നേടാൻ സാധിക്കും. ഇതിന്‍റെ മധ്യഭാഗം എവിടെയാണെന്നാണ് അവൻ കണ്ടത്തേണ്ടത്. ആ താളം അവന് കിട്ടിയാൽ എല്ലാം മത്സരത്തിലും അവന് സെഞ്ച്വറിയടിക്കാൻ സാധിക്കും,' അശ്വിൻ പറഞ്ഞു.
ലോകത്ത് ഏറ്റവും മികച്ച പ്രതിരോധം നിലവിൽ പന്തിന്‍റേതെന്നും ഡിഫൻഡ് ചെയ്യുമ്പോൾ അവൻ അങ്ങനെ പുറത്താകാറില്ലെന്നും അശ്വിൻ ചൂണ്ടിക്കാട്ടി. ടെസ്റ്റ് ക്രിക്കറ്റിൽ പന്തിന് ഇനിയും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുമെന്നും താരം കൂട്ടിച്ചേർത്തും. സിഡ്നിയിൽ നടന്ന അവസാന ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ പതിയെ നേടിയ 40 റൺസും രണ്ടാം ഇന്നിങ്സിൽ 33 പന്തിൽ 61 റൺസും നേടി പന്ത് തന്‍റെ രണ്ട് ശൈലിയും പുറത്തെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.