ജിദ്ദ: ഖത്തറിൽ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റ് മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള എ.എഫ്.സി ഏഷ്യൻ ഗ്രൂപ്പ് ബി യോഗ്യതാ മത്സരത്തിലെ ഏഴാം റൗണ്ടിൽ ഒമാനെതിരെ എതിരില്ലാത്ത ഒരു ഗോളിന് സൗദി അറേബ്യക്ക് വിജയം. ഇതോടെ 19 പോയിന്റുകൾ നേടി സൗദി അറേബ്യ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തി. അടുത്ത ഒരു മത്സരത്തിൽ കൂടി സൗദി വിജയിച്ചാൽ ടീമിന് ലോകകപ്പ് ടൂർണമെന്റിലേക്കുള്ള പ്രവേശനം ഉറപ്പായി. അതേസമയം മൂന്ന് കളികൾ കൂടി ബാക്കിയുള്ള ഒമാൻ ഇതുവരെ ഏഴ് പോയിന്റുകൾ നേടി ഗ്രൂപ്പിൽ നാലാം സ്ഥാനത്താണുള്ളത്. 15 പോയിന്റുകളുമായി ഗ്രൂപ്പിൽ ജപ്പാൻ രണ്ടാം സ്ഥാനത്തും 14 പോയിന്റുമായി ഓസ്‌ട്രേലിയ മൂന്നാം സ്ഥാനത്തുമുണ്ട്.
ജിദ്ദ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ വ്യാഴാഴ്ച രാത്രിയായിരുന്നു ആവേശകരമായ സൗദി-ഒമാൻ മത്സരം. കളിയിലുടനീളം ആധിപത്യം നിലനിർത്തിയ സൗദി അറേബ്യക്ക് കുറച്ച് അവസരങ്ങൾ ലഭിച്ചെങ്കിലും ചില സമയങ്ങളിൽ ഒമാൻ ടീമിൽ നിന്നും ചില സമ്മർദ്ദങ്ങൾ നേരിടേണ്ടി വന്നു. ആദ്യ പകുതിയിൽ ഒമാന് മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ഇത് ഒമാന് ഒരിക്കലും ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ല. ഒന്നാം പകുതി അവസാനിച്ചപ്പോൾ ഇരു ടീമുകളും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.
രണ്ടാം പകുതി ആരംഭിച്ചു മൂന്നാം മിനിറ്റിൽ തന്നെ സ്‌ട്രൈക്കർ ഫിറാസ് അൽ ബ്രിക്കാനിലൂടെ സൗദി ഒമാനെതിരെ വിജയ ഗോൾ നേടി. ആതിഥേയരായ സൗദിയും മറ്റൊരു ഗൾഫ് രാജ്യമായ ഒമാനും തമ്മിലുള്ള മത്സരം നേരിൽ കാണാൻ 48,000 ഫുട്ബാൾ പ്രേമികളാണ് ജിദ്ദ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ തടിച്ചുകൂടിയത്. സ്വദേശികളോടൊപ്പം മലയാളികൾ ഉൾപ്പെടെയുള്ള നിരവധി വിദേശികളും മത്സരം കാണാനെത്തിയിരുന്നു. രണ്ടാം സ്ഥാനക്കാരായ ജപ്പാനും സൗദിയുമായുള്ള മത്സരം ചൊവ്വാഴ്ച ജപ്പാനിലെ സൈതാമയിൽ വെച്ച് നടക്കും. അതേ ദിവസം തന്നെ ഒമാൻ ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരായ ഓസ്‌ട്രേലിയയെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.