കുവൈത്ത് സിറ്റി: ലോകകപ്പ് ഫുട്ബാൾ എന്ന വലിയ സ്വപ്നത്തിലേക്ക് ഏഷ്യൻ മേഖലയിലെ ചെറിയ ടീമുകളുടെ പോരാട്ടങ്ങൾക്ക് വ്യാഴാഴ്ച തുടക്കമാകും. മൂന്നു വർഷങ്ങൾക്കപ്പുറം 2026 ലെ ലോക ഫുട്ബാളിന്റെ മൈതാനത്ത് തങ്ങൾക്കും ഇടംകിട്ടും എന്ന പ്രതീക്ഷയിൽ യോഗ്യത മത്സരത്തിൽ ഗ്രൂപ് ‘എ’യിൽ ഇന്ത്യയും, കുവൈത്തും, ഖത്തറും, അഫ്ഗാനിസ്താനുമുണ്ട്. ഗ്രൂപ് ‘എ’യിലെ ആദ്യ മത്സരത്തിൽ വ്യാഴാഴ്ച ഇന്ത്യയും കുവൈത്തും ഏറ്റുമുട്ടും. പ്രാദേശിക സമയം രാത്രി 7.30ന് (ഇന്ത്യൻ സമയം രാത്രി 10) ജാബിർ അൽ അഹമ്മദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യൻ ടീം ചൊവ്വാഴ്ച കുവൈത്തിലെത്തി.
ദുബൈയിൽ പരിശീലനം പൂർത്തിയാക്കിയശേമാണ് സുനിൽ ഛേത്രിയുടെയം സംഘത്തിന്റെയും വരവ്. ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധു, ഡിഫൻഡർ സന്ദേശ് ജിങ്കാൻ എന്നിവരുൾപ്പെടെയുള്ള പ്രമുഖ താരങ്ങൾ ഇന്ത്യൻ നിരയിലുണ്ട്. അർധാവസരങ്ങൾ പോലും അനുകൂലമാക്കുന്ന സുനിൽ ഛേത്രി തന്നെയാകും ഇന്ത്യൻ ടീമിലെ ആഗ്നേയാസ്ത്രം. മലയാളികളായ സഹൽ അബ്ദുൽ സമദും കെ.പി. രാഹുലും സാധ്യത ടീമിലുണ്ട്.
മത്സരത്തിന് ഒരുദിവസം ശേഷിക്കേ കഠിന പരിശീലനത്തിലാണ് കുവൈത്ത് ടീം. ഇന്ത്യ ശക്തമായ ടീമാണെങ്കിലും ഹോം ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ മേൽകൈ നേടാനാകുമെന്ന പ്രതീക്ഷയിലാണിവർ. അടുത്തിടെ ബംഗളൂരുവിൽ നടന്ന സാഫ് ചാമ്പ്യൻഷിപ്പിൽ ആദ്യ കളിയിൽ ഇന്ത്യയെ സമനിലയിൽ തളക്കുകയും ഫൈനലിൽ സഡൺഡത്ത് വരെ പിടിച്ചു നിൽക്കുകയും ചെയ്തത് കുവൈത്തിന് ആത്മവിശ്വാസം നൽകുന്ന ഘടകമാണ്.
2023-ൽ 15 മത്സരങ്ങളിൽ ഒമ്പതും വിജയിച്ച ചരിത്രവും കുവൈത്തിനുണ്ട്. പോർചുഗീസ് കോച്ച് റൂയി ബെന്റോ ആണ് കോച്ച്. ഫഹദ് അൽ ഹജേരിയാണ് ടീം ക്യാപ്റ്റൻ. കുവൈത്തിനെതിരായ മത്സരത്തിന് പിറകെ ഇന്ത്യൻ ടീം ഖത്തറിലേക്ക് തിരിക്കും. നവംബർ 21ന് ഇന്ത്യ ഖത്തറുമായി ഏറ്റുമുട്ടും. 2024 ജൂൺ ആറിനാണ് ഇന്ത്യയിൽ കുവൈത്തിനെതിരായ ഹോം മത്സരം. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർ 2027ൽ സൗദിയിൽ നടക്കുന്ന ഏഷ്യൻ കപ്പിലേക്ക് യോഗ്യത നേടും. ഒന്നും രണ്ടും സ്ഥാനക്കാർ 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ മൂന്നാം റൗണ്ടിലും പ്രവേശിക്കും. ഇന്ത്യ-കുവൈത്ത് മത്സര ടിക്കറ്റ് വിൽപന ആരംഭിച്ചിട്ടുണ്ട്. കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യക്കാരും ഫുട്ബാൾ ആരാധകരായ മലയാളികളും മത്സരത്തിനായുള്ള കാത്തിരിപ്പിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.