ലഖ്നോ: ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് കരുത്തരുടെ നേരങ്കം. ആതിഥേയർക്കെതിരെ ആദ്യ അങ്കം തോറ്റ ആസ്ട്രേലിയക്കെതിരെ മികച്ച ഫോം തുടരുന്ന ദക്ഷിണാഫ്രിക്കയാണ് ലഖ്നോ മൈതാനത്ത് എതിരാളികൾ. അഞ്ചു തവണ ലോകജേതാക്കളായ ഓസീസ് കഴിഞ്ഞ ദിവസം ഇന്ത്യക്കു മുന്നിൽ ആറു വിക്കറ്റ് തോൽവി ഏറ്റുവാങ്ങിയിരുന്നു. ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത് എന്നിവരൊഴികെ ആരും 30 റൺസ് പിന്നിടാതെ വമ്പൻ പരാജയമായി മാറിയ ബാറ്റിങ്ങായിരുന്നു കളിയിലെ ഹൈലൈറ്റ്. ചെപ്പോക്കിൽ ഇന്ത്യൻ സ്പിന്നിനു മുന്നിൽ കറങ്ങി വീണ ടീമിന്റെ നാണക്കേട് ഇരട്ടിയാക്കി നിർണായക നിമിഷത്തിൽ മിച്ചൽ മാർഷ് ക്യാച്ച് കൈവിടുകയും ചെയ്തു. പരിക്ക് മാറി മാർകസ് സ്റ്റോയിനിസ് തിരിച്ചെത്തുമെന്നതാണ് ടീമിന് ആശ്വാസം നൽകുന്നത്. കാമറൂൺ ഗ്രീനാകും പകരം പുറത്തുപോകുക. പേസിൽ പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽവുഡ്, മിച്ചൽ സ്റ്റാർക് എന്നിവരും സ്പിന്നിൽ െഗ്ലൻ മാക്സ് വെൽ, ആദം സാംപ എന്നിവരുമാകും ബൗളിങ് നയിക്കുക.
മറുവശത്ത്, ശ്രീലങ്കക്കെതിരായ മത്സരം 102 റൺസിന് ജയിച്ചാണ് പ്രോട്ടീസ് ഇന്നിറങ്ങുന്നത്. കഴിഞ്ഞ ദിവസം ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി കുറിച്ച ഐഡൻ മർക്രമിനൊപ്പം റാസി വാൻ ഡർ ഡസനും ശതകം തികച്ചിരുന്നു. ക്യാപ്റ്റൻ ടെംബ ബാവുമ, ഡേവിഡ് മില്ലർ, ഡി കോക്ക്, ഹെന്റിച്ച് ക്ലാസൻ എന്നിവർ കൂടി ഇവർക്കൊപ്പം ചേരുമ്പോൾ പ്രോട്ടീസ് ബാറ്റിങ് ലൈനപ്പ് ഏറ്റവും മികച്ചതാണ്. ബൗളിങ്ങിൽ ലഖ്നോ എകനാ മൈതാനത്തെ സവിശേഷതകൾ തിരിച്ചറിഞ്ഞ് സ്പിന്നർ തബ്രിസ് ശംസിയെ കേശവ് മഹാരാജിനൊപ്പം ആദ്യ ഇലവനിൽ ഇറക്കിയേക്കുമെന്ന് സൂചനയുണ്ട്. നോർട്ജെയുടെ അഭാവത്തിൽ കഗിസോ റബാദ, ലുങ്കി എൻഗിഡി, മാർകോ ജാൻസൺ എന്നിവരാകും പേസ് ആക്രമണം നയിക്കുക.
കഴിഞ്ഞ ഏകദിന പരമ്പരയിൽ ആദ്യ രണ്ടു കളികളും തോറ്റ ശേഷം മൂന്നെണ്ണം ജയിച്ച് പരമ്പര സ്വന്തമാക്കിയ ആശ്വാസം കൂടി ദക്ഷിണാഫ്രിക്കക്ക് മാനസിക മേൽക്കൈ നൽകും. എന്നാൽ, തളർച്ചയുടെ പടുകുഴിയിൽ വീണിടത്ത് അത്യുജ്ജ്വല പ്രകടന മികവോടെ തിരിച്ചുവന്ന് കപ്പുമായി മടങ്ങിയ ചരിത്രമുള്ളവരാണ് കങ്കാരുക്കളെന്നത് കളിയെ ആവേശഭരിതമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.