ചെന്നൈ: ഹാട്രിക് തോൽവികൾക്ക് ശേഷം ഏകദിന ലോകകപ്പിൽ വിജയം തേടിയിറങ്ങുന്ന പാകിസ്താന് മുന്നിൽ കരുത്തരായ ദക്ഷിണാഫ്രിക്ക. ചെപ്പോക്കിൽ തോൽവിയാണ് ഫലമെങ്കിൽ പാക് നായകൻ ബാബർ അഅ്സമിന്റെ നായകപദവിക്ക് വരെ ഭീഷണിയായേക്കും. ചെപ്പോക്കിൽ ഇന്ന് തോറ്റാൽ പാകിസ്താന് സെമിഫൈനൽ സ്വപ്നമടയും. ലോകകപ്പിലെ ടീമിന്റെ പ്രകടനത്തെ അടിസ്ഥാനമാക്കി പാക് ക്രിക്കറ്റിന്റെ നന്മക്കായി ചില തീരുമാനങ്ങളുണ്ടാകുമെന്ന് പാക് ക്രിക്കറ്റ് ബോർഡ് പ്രസ്താവനയിറക്കിയത് ക്യാപ്റ്റനെ ലക്ഷ്യമിട്ടാണ്. ഇന്നടക്കം എല്ലാ മത്സരങ്ങളും ജയിക്കുകയും ആസ്ട്രേലിയ ബാക്കിയുള്ള നാലിൽ രണ്ട് മത്സരങ്ങളെങ്കിലും തോൽക്കുകയും ചെയ്താലേ പാകിസ്താന് സെമിഫൈനലിലെത്താനാകൂ. ഇന്ന് ജയിച്ചാൽ ദക്ഷിണാഫ്രിക്കയുടെ സെമിപ്രവേശനം ഏറക്കുറെ ഉറപ്പാകും. ധർമശാലയിൽ നെതർലൻഡ്സിനെതിരെ ഞെട്ടിക്കുന്ന തോൽവി വഴങ്ങിയതൊഴിച്ചാൽ ഈ ലോകകപ്പിൽ ആരാധകർക്ക് ആവേശമേകിയ സംഘമാണ് ദക്ഷിണാഫ്രിക്ക.
ക്വിന്റൺ ഡി കോക്കും ഹെൻറിച്ച് ക്ലാസനും എയ്ഡൻ മാർക്രമും ബാറ്റിങ്ങിൽ മാരക ഫോമിലാണ്. ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ 155 ഫോറുകളും 59 സിക്സറുകളുമാണ് ഇതുവരെ പായിച്ചത്. പാകിസ്താന് അഞ്ച് കളികളിൽ നിന്ന് 24 സിക്സറുകളും 136 ബൗണ്ടറികളും മാത്രമാണ് നേടാനായത്. ശഹീൻ അഫ്രീദിയുടെ തീയുണ്ടകൾക്ക് ശക്തി കുറഞ്ഞതും ഹാരിസ് റഊഫ് ലോകതോൽവിയായതും പാക് ബൗളിങ്ങിന് തിരിച്ചടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.