ചെന്നൈ: ലോകകപ്പിൽ വെള്ളിയാഴ്ച ന്യൂസിലൻഡ്-ബംഗ്ലാദേശ് മത്സരം. ചെപ്പോക്കിൽ കടുവകളെ നേരിടാനിറങ്ങുന്ന കിവികൾ ആദ്യ രണ്ടു കളിയും ജയിച്ച ആവേശത്തിലാണ്. ക്യാപ്റ്റൻ കെയ്ൻ വില്യംസണും പേസർ ടിം സൗത്തിയും തിരിച്ചെത്തുന്നതോടെ കരുത്ത് പിന്നെയും കൂടുന്ന ന്യൂസിലൻഡിനെ മെരുക്കാൻതക്ക അസ്ത്രങ്ങൾ ആവനാഴിയിലുണ്ടോയെന്ന് കണ്ടറിയണം. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ മറിച്ചിട്ടാണ് ടോം ലഥാമിന്റെ നേതൃത്വത്തിൽ കിവീസ് തുടങ്ങിയത്. പിന്നെ നെതർലൻഡ്സിനെയും തകർത്തു.
പരിക്കുകാരണം പുറത്തിരുന്ന പ്രമുഖരുടെ മടങ്ങിവരവ് ന്യൂസിലൻഡിന് കൂടുതൽ പ്രതീക്ഷയേകുന്നുണ്ട്. മുൻനിര ബാറ്റർമാരായ ഡെവൺ കോൺവേ, രചിൻ രവീന്ദ്ര, വിൽ യങ് തുടങ്ങിയവർ ഫോമിലാണ്. ശാകിബുൽ ഹസൻ നയിക്കുന്ന ബംഗ്ലാദേശിന് സ്പിൻ ഡിപ്പാർട്മെന്റിലാണ് ശക്തികൂടുതൽ. ശാകിബ്-മെഹ്ദി ഹസൻ-മെഹ്ദി ഹസൻ മിറാസ് ത്രയങ്ങളാണ് ടീം ഇതുവരെ വീഴ്ത്തിയ 19ൽ 11 വിക്കറ്റും നേടിയത്. ഓൾറൗണ്ടറായ ശാകിബിന് പുറമെ ബാറ്റിങ്ങിൽ മുഷ്ഫിഖുർ റഹീം, ലിറ്റൻദാസ്, നജ്മുൽ ഹുസൈൻ ഷാന്റോ തുടങ്ങിയവർ വലിയ സ്കോറുകൾ കണ്ടെത്താൻ ശേഷിയുള്ളവരാണ്. അഫ്ഗാനിസ്താനെ തോൽപിച്ച ബംഗ്ലാദേശ് രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിനോട് തോൽക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.