ചെന്നൈ: ട്വന്റി20 ക്രിക്കറ്റിന്റെ കടന്നുവരവ് ഏകദിന മത്സരങ്ങൾക്ക് വെല്ലുവിളിയാവുമെന്ന ആശങ്ക അസ്ഥാനത്തായില്ല. അതിവേഗ ക്രിക്കറ്റിന്റെ സ്ഫോടനാത്മകത ഏകദിനങ്ങൾക്കില്ലെന്നായതോടെ മത്സരത്തിന്റെ എണ്ണവും കാണികളുടെ ആധിക്യവും കുറഞ്ഞു തുടങ്ങിയിരുന്നു. ഒരുപക്ഷേ ഇത് അവസാന ഏകദിന ലോകകപ്പ് വരെയാകാമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ഇന്ത്യയിൽപോലും കളി കാണാനെത്തുന്നവർ ശുഷ്കിച്ചുതുടങ്ങിയത്. തിരുവനന്തപുരത്ത് നടന്ന ഇന്ത്യ-വെസ്റ്റിൻഡീസ് മത്സരത്തിന് ആളുകൾ കുറഞ്ഞത് ഏറെ ചർച്ചയായിരുന്നു. ഫലം, ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് ലോകകപ്പ് മത്സരത്തിന് ആതിഥ്യം വഹിക്കാനുള്ള അവസരം നഷ്ടമായി.
ലോകകപ്പിന് ഇന്ത്യ ആതിഥ്യം വഹിക്കുമ്പോൾ ഗാലറികളിൽ ആളുകൾ നിറയുമെന്നായിരുന്നു കണക്കുകൂട്ടൽ. ഒരു ലക്ഷത്തിലേറെ പേർക്കിരിക്കാവുന്ന അഹ്മദാബാദ് മോദി സ്റ്റേഡിയത്തിൽ നടന്ന ഇംഗ്ലണ്ട്-ന്യൂസിലൻഡ് ഉദ്ഘാടനമത്സരത്തിന് സ്റ്റേഡിയം കാലിയായത് വാർത്തകളിൽ നിറഞ്ഞു. ഇന്ത്യയുടെ മത്സരങ്ങൾക്ക് കാണികളെത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, ഞായറാഴ്ച ചെപ്പോക്കിലെ 38,000 പേർക്കിരിക്കാവുന്ന ഗാലറിയിലെത്തിയത് 32,513 പേർ.
ഇന്ത്യയുടെ ആദ്യ മത്സരം ആസ്ട്രേലിയയോട് ആയിട്ടുപോലും കളി തുടങ്ങുമ്പോൾ വേണ്ടത്ര കാണികൾ ഗാലറിയിലുണ്ടായിരുന്നില്ല. ഒഴിഞ്ഞുകിടന്ന ഗാലറിയുടെ മിക്ക ഭാഗവും നിറഞ്ഞത് വെയിൽ മാറി ഇരുൾ പരന്നപ്പോഴാണ്. ചെപ്പോക്കിൽ ടിക്കറ്റുകൾ വിറ്റു തീർന്നതായാണ് സംഘാടകർ പറഞ്ഞിരുന്നത്. എന്നാൽ, മുൻകൂർ ടിക്കറ്റ് കിട്ടാതെ വിഷമിച്ചവർക്ക് ഞായറാഴ്ച സ്റ്റേഡിയത്തിൽ ടിക്കറ്റുകൾ ധാരാളമായി ലഭിച്ചു.
സ്പോൺസർമാരടക്കമുള്ളവർക്ക് മാറ്റിവെച്ച ടിക്കറ്റുകൾ ലഭ്യമായതാണ് ടിക്കറ്റ് വിൽപനക്ക് കാരണമായതെന്നാണ് ഔദ്യോഗിക ഭാഷ്യം. ഇനി ഇന്ത്യ-പാകിസ്താൻ മത്സരത്തിനാണ് കൂടുതൽ കാണികളെ പ്രതീക്ഷിക്കുന്നത്. ടിക്കറ്റുകളെല്ലാം വിറ്റുപോയെന്ന് പറഞ്ഞ ബി.സി.സി.ഐ 14,000 ടിക്കറ്റുകൾകൂടി വിൽക്കാനുള്ള ഒരുക്കത്തിലാണ്. എന്തായാലും ഏകദിന മത്സരങ്ങൾക്ക് ശുഭകരമായ ഭാവിയില്ലെന്നാണ് ഐ.പി.എൽ മത്സരങ്ങൾക്ക് നിറഞ്ഞുകവിയുന്ന ഇന്ത്യൻ വേദികൾ നൽകുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.