തങ്ങളെ പിടിച്ചുകെട്ടാൻ ആരുണ്ടെന്ന് ചോദിച്ച് അപരാജിത കുതിപ്പ് തുടരുകയാണ് ലാറ്റിനമേരിക്കൻ ചാമ്പ്യൻമാരായ അർജന്റീന. 31 മത്സരങ്ങളാണ് ലയണൽ മെസ്സിയും സംഘവും തോൽവിയറിയാതെ പൂർത്തിയാക്കിയത്. ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തിൽ ഇക്വഡോറിനെതിരെ 1-1ന് സമനിലയിൽ പിരിഞ്ഞതോടെയാണ് അർജന്റീന ഈ നേട്ടം സ്വന്തമാക്കിയത്. 1991-1993 കാലഘട്ടത്തിൽ തങ്ങൾ തന്നെ കുറിച്ച 31 മത്സരങ്ങളുടെ റെക്കോഡിനൊപ്പമാണ് അർജന്റീനയിപ്പോൾ.
24ാം മിനിറ്റിൽ ജൂലിയൻ അൽവാരസിന്റെ ഗോളിലൂടെ അർജന്റീനയാണ് മുന്നിലെത്തിയത്. രണ്ടാം പകുതിയുടെ ഇഞ്ച്വറി സമയത്ത് എന്നർ വലൻസീയയിലൂടെ ഇക്വഡോർ തുല്യത പിടിക്കുകയായിരുന്നു. യോഗ്യത റൗണ്ടിൽ അർജന്റീന 11 മത്സരങ്ങൾ വിജയിച്ചപ്പോൾ ആറെണ്ണം സമനിലയിലായി.
ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ നടന്ന മറ്റൊരു മത്സരത്തിൽ ബ്രസീൽ 4-0ത്തിന് ബൊളീവിയയെ തകർത്തു. കാനറലികൾക്കായി റിച്ചാർലിസൺ (45', 91') ഇരട്ടഗോൾ നേടി. ലൂകാസ് പാക്വറ്റയുടെയും (24') ബ്രൂണോയുടെയും വകയായിരുന്നു ശേഷിക്കുന്ന ഗോളുകൾ. 2002ൽ മാഴ്സലോ ബിൽസ നയിച്ച അർജന്റീന കുറിച്ച ലാറ്റിനമേരിക്കൻ യോഗ്യത റൗണ്ട് പോയിന്റ് റെക്കോഡ് ബ്രസീൽ മറികടന്നു. 17 മത്സരങ്ങളിൽ നിന്ന് 45 പോയിന്റാണ് ബ്രസീൽ നേടിയത്.
മറ്റ് മത്സരങ്ങളിൽ പാരാഗ്വായെ 2-0ത്തിന് തോൽപിച്ച് പെറു ലോകകപ്പ് വൻകര പ്ലേഓഫ് ബെർത്തുറപ്പിച്ചു. അതേസമയം ചിലിയും കൊളംബിയയും പുറത്തായി. ബ്രസീൽ, അർജന്റീന, യുറുഗ്വായ്, ഇക്വഡോർ എന്നീ ടീമുകളാണ് ദക്ഷിണ അമേരിക്കയിൽ നിന്ന് നേരിട്ട് ലോകകപ്പ് യോഗ്യത സ്വന്തമാക്കിയത്.
വൻകര പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനക്കാരായ പെറു ലോകകപ്പ് ബെർത്തിന് വേണ്ടി ഇനിയും പോരാടണം. ഏഷ്യയിൽ നിന്ന് ആസ്ട്രേലിയയോ യു.എ.ഇയോ ആയിരിക്കും പെറുവിന്റെ എതിരാളി. 2018ൽ പ്ലേഓഫിൽ ന്യൂസിലൻഡിനെ തോൽപിച്ചായിരുന്നു പെറു റഷ്യൻ ലോകകപ്പിൽ ഇടം നേടിയിരുന്നത്.
മറ്റ് മത്സരങ്ങളിൽ യുറുഗ്വായ് 2-0ത്തിന് ചിലിയെയെും കൊളംബിയ 1-0ത്തിന് വെനിസ്വേലയെയും തോൽപിച്ചു. 1 39 പോയിന്റുമായി അർജന്റീനയാണ് പോയിന്റ് പട്ടികയിൽ രണ്ടാമത്. 28 പോയിന്റുമായി യുറുഗ്വായ് മൂന്നാം സ്ഥാനത്തും 26 പോയിന്റുമായി ഇക്വഡോർ നാലാം സ്ഥാനത്തുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.