ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ സ്റ്റേഡിയങ്ങളിലെ ഇരിപ്പിടങ്ങളുടെ ശോച്യാവസ്ഥ ചർച്ചയാകുന്നു. ഹൈദരാബാദിലെ ഉപ്പൽ സ്റ്റേഡിയത്തിൽ കാണികൾക്ക് ഇരിക്കാനാവാത്ത രീതിയിൽ വൃത്തിഹീനമായ കസേരകളുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെ അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പലയിടത്തും ഇരിക്കാനാവാത്ത രീതിയിൽ വൃത്തികേടായ കസേരകളും വാർത്തകളിൽ നിറയുകയാണ്.
ഹൈദരാബാദിലെ സ്റ്റേഡിയത്തിൽ മലിനമായ കസേരകളുടെ ചിത്രം സമൂഹ മാധ്യമത്തിൽ പ്രചരിച്ചതിനുപിന്നാലെയാണ് കഴിഞ്ഞ ദിവസം ലോകകപ്പിൽ ഇംഗ്ലണ്ട്-ന്യൂസിലൻഡ് ഉദ്ഘാടന മത്സരത്തിനെത്തിയ കാണികൾ അഹ്മദാബാദ് സ്റ്റേഡിയത്തിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് വൈറലാക്കിയത്. ‘ഹൈദരാബാദ് ഒറ്റപ്പെട്ട ഉദാഹരണമല്ല, 2000 രൂപ വിലയുള്ള ടിക്കറ്റെടുത്ത് അഹ്മദാബാദിലെത്തിയാലും അതേ അവസ്ഥയാണ്’ -മോദി സ്റ്റേഡിയത്തിലെ വൃത്തിഹീനമായ കസേരകളുടെ ചിത്രം ഉൾപ്പെടെ സൗരഭ് പരീക് എന്ന കളിക്കമ്പക്കാരൻ പോസ്റ്റ് ചെയ്തു.
എന്നാൽ, സൗരഭ് പോസ്റ്റ് ചെയ്ത ചിത്രത്തിൽ ഒന്നോ രണ്ടോ സീറ്റിൽ മാത്രമേ അഴുക്ക് കാണുന്നുള്ളൂ എന്നും അതുവെച്ച് സ്റ്റേഡിയത്തിലെ സീറ്റുകൾ മുഴുവൻ വൃത്തിഹീനമാണ് എന്നുപറയുന്നത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടി ചിലർ രംഗത്തുവന്നു. ഇതിന് ഒരു വിഡിയോ പോസ്റ്റ് ചെയ്തായിരുന്നു സൗരഭിന്റെ മറുപടി.
‘ഒരു സീറ്റിൽ മാത്രമേ അഴുക്കുള്ളൂ എന്ന് പറയുന്നവർക്ക് കാണാനാണിത്. ഇത് കണ്ട് നിങ്ങൾ തന്നെ തീരുമാനിക്കൂ. ഞാനിപ്പോൾ സ്റ്റേഡിയത്തിലാണുള്ളത്. ഇവിടുത്തെ അവസ്ഥ എന്താണെന്ന് നന്നായറിയുന്നുണ്ട്’- ഇതായിരുന്നു മറുപടി. വിഡിയോ ദൃശ്യത്തിൽ അഹ്മദാബാദ് സ്റ്റേഡിയത്തിലെ കുറേയേറെ സീറ്റുകളിൽ മാലിന്യം നിറഞ്ഞിരിക്കുന്നത് കാണാമായിരുന്നു.
ഹൈദരാബാദ് സ്റ്റേഡിയത്തിലെ വൃത്തിഹീനമായ കസേരകളുടെ ചിത്രം കളിയെഴുത്തുകാരൻ സി. വെങ്കടേഷ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ‘ഉപ്പൽ സ്റ്റേഡിയത്തിൽ ഒന്നും കാര്യമായി മാറിയിട്ടില്ല. ആളുകളെ ആകർഷിക്കാനുള്ള സംഗതികളും കാണികളുടെ സൗകര്യവുമൊന്നും കണക്കിലെടുത്തിട്ടില്ല’ -വെങ്കടേഷ് സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു.
എന്നാൽ, പഴയ ചിത്രമാണ് വെങ്കടേഷ് പോസ്റ്റ് ചെയ്തതെന്നും തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണെന്നും ചൂണ്ടിക്കാട്ടി ചിലർ രംഗത്തുവന്നപ്പോൾ പാകിസ്താൻ-ആസ്ട്രേലിയ സന്നാഹ മത്സരത്തിന്റെ ടിക്കറ്റും കസേരകൾക്കൊപ്പം ചേർത്ത് പുതിയ ചിത്രം പോസ്റ്റ് ചെയ്തായിരുന്നു മറുപടി. ഇതിന്റെ വിഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.