ഇന്ന് ചെന്നൈയിൽ നടക്കുന്ന ഇന്ത്യ-ആസ്‌ട്രേലിയ ലോകകപ്പ് മത്സരത്തിൽ വിരാട് കോഹ്‌ലി സംപൂജ്യനായി മടങ്ങുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി മുൻ ഓസീസ് നായകൻ മൈക്കൽ ക്ലാർക്ക്. അവശേഷിക്കുന്ന മറ്റെല്ലാം മത്സരങ്ങളിലും കോഹ്‍ലിക്ക് സെഞ്ച്വറി നേടാമെന്നും എന്നാൽ, ഫൈനലിൽ വീണ്ടും ഓസീസിനെതിരെ പൂജ്യത്തിന് പുറത്താകുമെന്നും അദ്ദേഹം തമാശരൂപേണ പറഞ്ഞു.
‘ബാക്ക്‌സ്റ്റേജ് വിത്ത് ബോറിയ’ എന്ന പരിപാടിയിൽ ബോറിയ മജുംദാറുമായുള്ള അഭിമുഖത്തിലാണ്, കോഹ്‌ലി കംഗാരുപ്പടക്ക് ഉയർത്തിയേക്കാവുന്ന ഭീഷണിയെക്കുറിച്ച് ക്ലാർക്ക് തുറന്നുപറഞ്ഞത്. മുൻ ഇന്ത്യൻ നായകനെ ഏകദിന ക്രിക്കറ്റിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന കളിക്കാരനായി വാഴ്ത്തിയ ക്ലാർക്ക്, മികച്ച ലോകകപ്പ് പ്രകടനത്തിനായി കോഹ്‍ലിക്ക് ആംശസകൾ അറിയിക്കുകയും ചെയ്തു.
“അദ്ദേഹമൊരു പ്രതിഭയാണ്. ക്ലാസ്സാണ്, തന്റെ മികച്ച ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് കോഹ്ലി. എല്ലായ്പ്പോഴും ഏറ്റവും മികച്ച ഫോമിലേക്ക് തിരിച്ചുവരുന്ന താരമാണ്. അവനെ എഴുതിത്തള്ളുന്നവർ വലിയ വിഡ്ഢികളാണെന്ന് ഞാൻ കരുതുന്നു. ‘ക്ലാസ് ഈസ് പെർമനന്റ്’ എന്ന് കാണിച്ചുതന്ന മറ്റൊരു മികച്ച കളിക്കാരനാണ് അദ്ദേഹം. ഒരുപക്ഷേ ഇത് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഫോർമാറ്റാണ്. ടെസ്റ്റ് ക്രിക്കറ്റ്, ട്വന്റി 20 എന്നിവയിൽ അദ്ദേഹം ഒരു പ്രതിഭയായിരിക്കാം, എന്നാൽ ഏകദിന ക്രിക്കറ്റിൽ ജീവിതത്തിൽ ഒരിക്കൽ മാത്രം കാണാൻ കഴിയുന്ന കളിക്കാരനാണ് അദ്ദേഹം’’. മൈക്കൽ ക്ലാർക് കൂട്ടിച്ചേർത്തു.
ലോകകപ്പിന് മുന്നോടിയായി ഇന്ത്യയിൽ നടന്ന മൂന്ന് മത്സര ഏകദിന പരമ്പരയിലാണ് ഇന്ത്യയും ആസ്‌ട്രേലിയയും അവസാനമായി ഏറ്റുമുട്ടിയത്. മെൻ ഇൻ ബ്ലൂ പരമ്പര 2-1ന് സ്വന്തമാക്കിയെങ്കിലും ആദ്യ രണ്ട് മത്സരങ്ങളിൽ കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചിരുന്നു. രാജ്കോട്ടിൽ നടന്ന മൂന്നാം മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടെങ്കിലും കോഹ്‍ലി അർധ സെഞ്ച്വറി നേടിയിരുന്നു.
ഏകദിന ഫോർമാറ്റിൽ അസാധാരണ റെക്കോർഡാണ് കോഹ്‌ലിക്കുള്ളത്. 281 മത്സരങ്ങളിൽ നിന്ന് 57.38 ശരാശരിയിലും 93.78 സ്‌ട്രൈക്ക് റേറ്റിലും 47 സെഞ്ചുറികളും 66 അർധസെഞ്ചുറികളും സഹിതം 13083 റൺസ് ഇന്ത്യൻ ഇതിഹാസ ബാറ്റർ ഇതുവരെ നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.