അഹ്മദാബാദ്: രോഹിത്തിന്റെയും വിരാടിന്റെയും ബാറ്റുകളും ജസ്പ്രീതിന്റെ പന്തും വാചാലമാകാനൊരുങ്ങുന്ന അഹ്മദാബാദ് നരേന്ദ്ര മോദി മൈതാനത്ത് ഇന്ന് ക്രിക്കറ്റിലെ ഏറ്റവും ആവേശകരമായ അയൽപോര്. ലോകകപ്പിൽ ഏഴുവട്ടം മുഖാമുഖം നിന്നിട്ടും ഇന്ത്യക്കെതിരെ ഒരിക്കൽ പോലും ജയിക്കാനായില്ലെന്ന മോശം റെക്കോഡ് മറികടക്കാമെന്ന മോഹവുമായി പാകിസ്താൻ പാഡുകെട്ടുമ്പോൾ ഇതുവരെയും കാത്ത അപരാജിത കുതിപ്പ് തുടരാനാണ് ആതിഥേയരുടെ അങ്കക്കലി.
അമിതാഭ് ബച്ചനും രജനികാന്തും പോലുള്ള ഇതിഹാസങ്ങൾ കളി കാണാനെത്തുന്ന മൈതാനത്ത് ഇത്തിരി നേരത്തേ ആഘോഷം കൊഴുപ്പിച്ചാകും മത്സരത്തിന് തുടക്കമാകുക.
കടലാസിൽ മുൻതൂക്കം ഇന്ത്യക്കു തന്നെ. ബാറ്റിങ്ങിലും ബൗളിങ്ങിലും നിലവിലെ പ്രകടനംവെച്ച് ഏതു കൊമ്പന്മാരെയും അനായാസം മുട്ടുകുത്തിക്കാൻ ആതിഥേയർക്ക് ശൗര്യം ഇത്തിരി കൂടും. മുമ്പ് ജാവേദ് മിയാൻദാദും ചേതൻ ശർമയുമെന്ന പോലെ സചിനും ശുഐബ് അക്തറുമെന്ന പോലെ ഏറ്റവുമൊടുവിൽ വിരാട് കോഹ്ലിയും വഹാബ് റിയാസുമെന്നുമുള്ള ദ്വന്ദങ്ങൾക്കു സമാനമായി ഇത്തവണയുമുണ്ട് മുഖാമുഖം നിൽക്കാൻ ഇരുവശത്തും ഏറ്റവും കരുത്തർ.
രോഹിത്തിനെതിരെ ശഹീൻ അഫ്രീദിയും കോഹ്ലിക്കെതിരെ ഹാരിസ് റഊഫും ബാബർ അഅ്സമിനെതിരെ ബുംറയുമെന്നതെല്ലാം സാമ്പ്ളുകൾ മാത്രം. കണക്കിലെ കളികളിൽ മുൻതൂക്കം നേടിയാലും ഏതു നിമിഷവും ഫലം മാറ്റാൻ ശേഷിയുള്ള ക്രിക്കറ്റിൽ പാകിസ്താൻ കരുതിവെച്ച ചില വജ്രായുധങ്ങൾ കളി നിർണയിക്കുമോയെന്നാണ് ആരാധകർ കാത്തിരിക്കുന്നത്.
പറവകളുടെ രാജാവെന്നാണ് ശഹീൻ എന്ന പദത്തിനർഥം. 1,32,000 കാണികളെ ഉൾക്കൊള്ളുന്ന അഹ്മദാബാദ് മൈതാനത്ത് ശഹീൻ അഫ്രീദിയെന്ന അതിവേഗക്കാരൻ കൊടുങ്കാറ്റ് വിതക്കുമോയെന്നതാണ് കാണികളെ ഉദ്വേഗമുനയിൽ നിർത്തുന്നത്. ഏഷ്യകപ്പിൽ ശുഭ്മൻ ഗിൽ മനോഹര പ്രകടനവുമായി താരത്തെ പിച്ചിച്ചീന്തിയത് ഏറെയൊന്നും പഴക്കമുള്ളതല്ല. എന്നാൽ, ഗിൽ ഇറങ്ങുമോയെന്ന് ഇനിയും ഉറപ്പായിട്ടില്ല.
പാക് ബൗളിങ് നിരയിൽ മറ്റെല്ലാവരും ഈ ലോകകപ്പിൽ നന്നായി തല്ലുവാങ്ങിയവർ. വൈസ് ക്യാപ്റ്റൻ ശദാബ് ഖാൻ മാത്രം കഴിഞ്ഞ രണ്ടുകളികളിൽ എറിഞ്ഞ 16 ഓവറിൽ വഴങ്ങിയത് 100 റൺസാണ്. ഹസൻ അലിയെ പോലുള്ള പുതുമുഖങ്ങളും ഇന്ത്യൻ ബാറ്റർമാർക്ക് വലിയ ഭീഷണി സൃഷ്ടിച്ചേക്കില്ല. സ്പിന്നിൽ എന്നും പാകിസ്താൻ ദുർബലമാണെന്നത് വേറെ കാര്യം.
ബാറ്റിങ്ങിൽ പക്ഷേ, അങ്ങനെയല്ല കാര്യങ്ങൾ. ശ്രീലങ്കക്കെതിരെ മുഹമ്മദ് റിസ്വാൻ ഗംഭീരമായാണ് ജയം അടിച്ചെടുത്തത്. ഒപ്പം നിന്ന അബ്ദുല്ല ശഫീഖും മാരക ഫോം കാത്തു. ഏതുനാളിലും ടീമിന്റെ അപ്രതീക്ഷിത സാന്നിധ്യമാകാൻ കരുത്തുള്ള സഊദ് ശകീൽ, ക്യാപ്റ്റൻ ബാബർ അഅ്സം എന്നിങ്ങനെ അതിമിടുക്കരുടെ വലിയ നിര തന്നെ പാകിസ്താനെ വേറിട്ടുനിർത്തുന്നു.
എന്നാൽ, പേസർമാർക്കൊപ്പം ഇന്ത്യൻ ബൗളിങ്ങിന്റെ നെടുന്തൂണായി മാറിയ കുൽദീപ് യാദവിനു മുന്നിൽ തോറ്റുപോകുന്നതാണ് ഈ കരുത്തരത്രയും. ബുംറയും സിറാജും നയിക്കുന്ന പേസും അശ്വിനോ ശാർദുലോ കൂട്ടുനൽകുന്ന സ്പിന്നും ചേർന്ന ഇന്ത്യൻ ബൗളിങ് എന്നും പ്രതിഭാ ധാരാളിത്തത്തിന് പേരുകേട്ടവർ.
ടീം ഇന്ത്യ
രോഹിത് ശർമ (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ (ഉപനായകൻ), ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, രവീന്ദ്ര ജദേജ, ശാർദുൽ ഠാകുർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ആർ. അശ്വിൻ, ഇശാൻ കിഷൻ, സൂര്യകുമാർ യാദവ്.
ടീം പാകിസ്താൻ
ബാബർ അഅ്സം (ക്യാപ്റ്റൻ), ശദാബ് ഖാൻ, ഫഖർ സമാൻ, ഇമാമുൽ ഹഖ്, അബ്ദുല്ല ശഫീഖ്, മുഹമ്മദ് റിസ്വാൻ, സഊദ് ശകീൽ, ഇഫ്തിഖാർ അഹ്മദ്, സൽമാൻ അലി ആഖ, മുഹമ്മദ് നവാസ്, ഉസാമ മിർ, ഹാരിസ് റഊഫ്, ഹസൻ അലി, ശഹീൻ അഫ്രീദി, മുഹമ്മദ് വസീം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.