ഒരു പാക് നായകനും അവകാശപ്പെടാനാകാത്ത ചരിത്ര നേട്ടം, അതും ഇന്ത്യയിൽ സ്വന്തമാക്കി ബാബർ അസം

ലോകകപ്പ് പോരാട്ടത്തിന് ജയത്തോടെ തുടക്കമിട്ടിരിക്കുകയാണ് പാകിസ്താൻ. ദുർബലരായ നെതർലൻഡ്സ് ആദ്യമൊന്ന് വിറപ്പിച്ചെങ്കിലും ഒടുവിൽ 81 റൺസിന്റെ വിജയമാണ് ബാബറും സംഘവും നേടിയെടുത്തത്. ലോകകപ്പ് ഓപണറിലെ വിജയത്തോടെ ഒരു പാകിസ്താൻ നായകനും അവകാശപ്പെടാനകാത്ത ചരിത്രനേട്ടമാണ് പാകിസ്താൻ നായകൻ ബാബർ അസം സ്വന്തം പേരിലാക്കിയത്.

ഇന്ത്യന്‍ മണ്ണില്‍ ഏകദിന ലോകകപ്പില്‍ വിജയം നേടുന്ന ആദ്യത്തെ പാകിസ്താന്‍ നായകനായി മാറിയിരിക്കുകയാണ് ബാബര്‍. ഇതുവരെ രണ്ട് തവണയാണ് പാകിസ്താൻ ഇന്ത്യയിൽ ലോകകപ്പ് മത്സരം കളിച്ചത്. അതിൽ രണ്ടിലും തോറ്റിരുന്നു. പാകിസ്താന്‍ ഇന്ത്യയില്‍ ആദ്യമായി കളിച്ചത് 1996ലെ ലോകകപ്പിലായിരുന്നു. ബെംഗളൂരുവിൽ നടന്ന ക്വാർട്ടർ ഫൈനലിൽ അവർ ഇന്ത്യയോട് വമ്പൻ പരാജയമാണ് ഏറ്റുവാങ്ങിയത്. ശ്രീലങ്ക, പാകിസ്താൻ, ഇന്ത്യ എന്നിവിടങ്ങളിലായി സംയുക്തമായി സംഘടിപ്പിച്ച ലോകകപ്പായിരുന്നു അത്.

2011-ലും പാകിസ്താൻ ഇന്ത്യയിലെത്തുകയും വീണ്ടും തോൽക്കുകയും ചെയ്തു. എം.എസ് ധോണിയും സംഘവും പാകിസ്താനെ പരാജയപ്പെടുത്തിയ മത്സരത്തിൽ ഷാഹിദ് അഫ്രീദിയായിരുന്നു പാക് പടയെ നയിച്ചത്. അതേസമയം, ഇന്ത്യക്കെതിരായ ലോകകപ്പ് മത്സരങ്ങളിലെല്ലാം തന്നെ പാകിസ്താന് ഇതുവരെ പരാജയ ചരിത്രമാണുള്ളത്. ഏറ്റുമുട്ടിയ ഏഴ് മത്സരങ്ങളിലും തോൽവിയായിരുന്നു ഫലം. ഇത്തവണ അതിൽ മാറ്റം കൊണ്ടുവരാനാകും ബാബർ അസമിന്റെയും സംഘത്തിന്റെയും ലക്ഷ്യം.

ഇന്ത്യയിൽ വിജയിച്ച സന്തോഷത്തിനിടയിലും ബാറ്റിങ്ങിൽ ബാബർ നിരാശപ്പെടുത്തി. 18 പന്തുകളിൽ വെറും അഞ്ച് റൺസായിരുന്നു ലോകത്തിലെ ഒന്നാം നമ്പർ ബാറ്റർ നേടിയത്. ദുർബലരായ നെതർലൻഡ്സിന്റെ ബൗളർമാരെ നേരിടാൻ ബാബറിന് കഴിഞ്ഞില്ല. 

Tags:    
News Summary - ODI World Cup 2023: Babar Azam Creates HISTORY

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.