ലണ്ടൻ: ഇറ്റലിയോട് തോറ്റ യൂറോകപ്പ് ൈഫനൽ മത്സരത്തിനിടെ വെംബ്ലി സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് തന്‍റെ പിതാവിന് പരിക്കേറ്റതായി ഇംഗ്ലണ്ട് ടീമംഗം വെളിപ്പെടുത്തി. ടൂർണമെന്‍റിലുടനീളം ഇംഗ്ലണ്ടിന്‍റെ കോട്ട കാത്ത സെൻട്രൽ ഡിഫൻഡർ ഹാരി മഗ്വയറുടെ പിതാവ് അലനാണ് അനിഷ്ട സംഭവങ്ങൾക്കിടെയുണ്ടായ തിരക്കിൽപെട്ട് പരിക്കേറ്റത്. 56 കാരനായ അലൻ മഗ്വയറിന്‍റെ രണ്ടു വാരിയെല്ലിന് പൊട്ടലേറ്റിട്ടുണ്ട്.
വെംബ്ലിയിൽ ടിക്കറ്റില്ലാതെയെത്തിയ കുറേപ്പേർ സ്റ്റേഡിയത്തിലേക്ക് കയറാൻ ശ്രമിച്ചതിനിടെയാണ് തിക്കുംതിരക്കുമുണ്ടായത്. വീണുപോയ അലൻ തിരക്കിക്കയറാൻ ശ്രമിച്ചവർക്കടിയിൽപെടുകയായിരുന്നു.
'ആ തിരക്കിൽ എന്‍റെ പിതാവുമുണ്ടായിരുന്നു. അദ്ദേഹം വല്ലാതെ പേടിച്ചുപോയിട്ടുണ്ട്. ഒരു ഫുട്ബാൾ മത്സരത്തിനിടെ ആർക്കും ഇങ്ങനെയൊന്നും സംഭവിക്കരുതെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്‍റെ കുഞ്ഞുങ്ങൾ മത്സരം കാണാൻ പോവാതിരുന്നതും അനുഗ്രഹമായി. സംഭവത്തിന്‍റെ കുറേ വിഡിയോകൾ ഞാൻ കണ്ടു. പിതാവുമായും ബന്ധുക്കളുമായും ഞാൻ സംസാരിച്ചിരുന്നു. പിതാവിനൊപ്പം എന്‍റെ ഏജന്‍റിനും പരിക്കുപറ്റിയിട്ടുണ്ട്. ഇതിൽനിന്ന് നമ്മൾ പാഠം പഠിക്കുമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുമെന്നും ഞാൻ പ്രത്യാശിക്കുന്നു' -മഗ്വയർ പറഞ്ഞു.
തിരക്കിൽപെട്ട് ഗുരുതരമായി പരിക്കുപറ്റുകയും ശ്വസനത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തിട്ടും അലൻ വൈദ്യസംഘത്തെ വിളിച്ച് ചികിത്സ തേടിയില്ല. മകന്‍റെ കരിയറിലെ അതിപ്രധാനമായ മത്സരത്തിന് സാക്ഷിയാകാൻ സ്റ്റേഡിയത്തിൽ തുടരുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.