ഗാരെത്ത് സൗത്ത്ഗേറ്റ്

ഇംഗ്ലണ്ട് പരിശീലക സ്ഥാനമൊഴിഞ്ഞ് സൗത്ത്ഗേറ്റ്; ‘മാറ്റത്തിനുള്ള സമയമായി, ഇനി പുതിയ അധ്യായം’

ലണ്ടൻ: ഇംഗ്ലണ്ട് ഫുട്ബാൾ ടീം കോച്ച് ഗാരെത്ത് സൗത്ത്ഗേറ്റ് പരിശീലക സ്ഥാനമൊഴിഞ്ഞു; യൂറോ കപ്പ് ഫൈനലിൽ സ്​പെയിനിനോടേറ്റ തോൽവിക്ക് പിന്നാലെയാണ് ദേശീയ പരിശീലക സ്ഥാനത്തുനിന്ന് സൗത്ത്ഗേറ്റ് പടിയിറങ്ങിയത്.

2020 യൂറോകപ്പിലും സൗത്ത്ഗേറ്റിന്റെ ശിക്ഷണത്തിൽ ഇംഗ്ലണ്ട് ഫൈനലിലെത്തിയിരുന്നു. അന്ന് പെനാൽറ്റി ഷൂട്ടൗട്ടിൽ ഇറ്റലിയോട് അടിയറവു പറയുകയായിരുന്നു. എട്ടുവർഷത്തിനിടെ 102 മത്സരങ്ങളിൽ ഇംഗ്ലണ്ടിന് കളി പറഞ്ഞുകൊടുത്ത ശേഷമാണ് 53കാരൻ രാജിവെച്ചത്. ഈ വർഷാവസാനം കരാർ അവസാനിക്കാനിരിക്കെയാണ് സൗത്ത്ഗേറ്റിന്റെ സ്ഥാനമൊഴിയൽ. 

‘അഭിമാനിയായ ഒരു ഇംഗ്ലീഷുകാരനാണ് ഞാൻ. ഇംഗ്ലണ്ടിനു വേണ്ടി കളിക്കാനും ദേശീയ ടീമിനെ പരിശീലിപ്പിക്കാനും അവസരം ലഭിച്ചത് ജീവിതത്തിൽ വലിയ ബഹുമതിയായി കാണുന്നു. എന്നെ സംബന്ധിച്ച് എല്ലാമായിരുന്നു ഇത്. സർവവും ഞാനതിന് സമർപ്പിച്ചിട്ടുണ്ട്. എന്നാൽ, ഇപ്പോൾ മാറ്റത്തിനുള്ള സമയമായതായി കരുതുന്നു. പുതിയ അധ്യായം തുട​ങ്ങേണ്ടതുണ്ട്.’ -സ്ഥാനമൊഴിയുന്ന വിവരം അറിയിച്ച് സൗത്ത്ഗേറ്റ് പറഞ്ഞു.

1966ൽ ലോകകപ്പ് നേടിയ ടീമിനെ പരിശീലിപ്പിച്ച സർ ആൽഫ് റാംസിക്ക് പുറമെ ഇംഗ്ലണ്ടിനെ പ്രധാന ടൂർണ​മെന്റിന്റെ ഫൈനലിലെത്തിച്ച ഏകകോച്ചാണ് സൗത്ത്ഗേറ്റ്. രണ്ടുതവണ വീതം ലോകകപ്പിലും യൂറോകപ്പിലും അദ്ദേഹം ഇംഗ്ലണ്ടിനെ പരിശീലിപ്പിച്ചു. 2018 ലോകകപ്പിൽ ടീം സെമിഫൈനലിലെത്തിയപ്പോൾ 2022ൽ ക്വാർട്ടർ ഫൈനലിലായിരുന്നു മടക്കം. യൂറോയിൽ രണ്ടു തവണയും ഫൈനലിലെത്തി.

ഇത്തവണ യൂറോകപ്പിന്റെ തുടക്കത്തിൽ ഇംഗ്ലണ്ട് നിരാശാജനകമായ കളി കാഴ്ചവെച്ചപ്പോൾ സൗത്ത്ഗേറ്റിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. പ്രതിഭാധനരായ കളിക്കാരെ ലഭിച്ചിട്ടും ടീമിനെ വിജയങ്ങളിലേക്ക് പരിവർത്തിപ്പിക്കാൻ കോച്ചിന് കഴിയുന്നി​ല്ലെന്നായിരുന്നു വിമർശനം. സ്ലോവേനിയക്കെതിരായ ഗോൾരഹിത സമനിലക്ക് ശേഷം കാണികളിൽ ചിലർ അദ്ദേഹത്തിന് നേരെ പ്ലാസ്റ്റിക് കുപ്പികളെറിയുകയും ചെയ്തിരുന്നു.

എന്നാൽ, ടീം ഫൈനലിലെത്തിയതോടെ കോച്ചിനെതിരായ വിമർശനങ്ങൾ ഇല്ലാതായി. അടുത്ത ലോകകപ്പുവരെ സൗത്ത്ഗേറ്റ് തുടർന്നേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് സ്ഥാനമൊഴിഞ്ഞത്.

Tags:    
News Summary - Southgate resigns after England's Euro 2024 loss

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.