മഡ്രിഡ്: പത്തുപേരായി ചുരുങ്ങിയിട്ടും ലാ ലിഗയിൽ ബാഴ്സലോണക്ക് തകർപ്പൻ ജയം. സെവിയ്യയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്ത ഹാൻസി ഫ്ലിക്കും സംഘവും ലീഗിൽ ഒന്നാംസ്ഥാനത്തുള്ള റയൽ മഡ്രിഡുമായുള്ള പോയന്‍റ് വ്യത്യാസം രണ്ടാക്കി കുറച്ചു.
റോബർട്ട് ലെവൻഡോവ്സ്കി (ഏഴാം മിനിറ്റിൽ), ഫെർമിൻ ലോപ്പസ് (46), റാഫിഞ്ഞ (55) എറിക് ഗാർസിയ (89) എന്നിവരാണ് ബാഴ്സക്കായി വലകുലുക്കിയത്. എട്ടാം മിനിറ്റില്‍ റൂബന്‍ വര്‍ഗാസാണ് സെവിയ്യക്കായി ആശ്വാസ ഗോൾ നേടിയത്. ജയത്തോടെ 23 മത്സരങ്ങളിൽനിന്ന് 48 പോയന്‍റുമായി മൂന്നാം സ്ഥാനത്ത് തുടരുകയാണ് ബാഴ്സ. ഒന്നാമതുള്ള റയലിന് 50 പോയന്‍റും രണ്ടാമതുള്ള അത്ലറ്റികോ മഡ്രിഡിന് 49 പോയന്‍റും. 62ാം മിനിറ്റില്‍ ഫെര്‍മിന്‍ ലോപ്പസ് റെഡ് കാര്‍ഡ് കണ്ട് പുറത്തായതിന് ശേഷം ബാഴ്‌സ പത്തുപേരുമായാണ് കളിച്ചത്.
സെവിയ്യയുടെ തട്ടകത്തില്‍ നടന്ന മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ബാഴ്‌സയാണ് ലീഡെടുത്തത്. ഏഴാം മിനിറ്റില്‍ ലെവന്‍ഡോവ്‌സ്‌കിയാണ് വല ചലിപ്പിച്ചത്. സീസണിൽ താരത്തിന്‍റെ 19ാം ഗോളാണിത്. തൊട്ടടുത്ത മിനിറ്റിൽ റൂബന്‍ വര്‍ഗാസിലൂടെ സെവിയ്യ തിരിച്ചടിച്ചു. 1-1 എന്ന സ്കോറിനാണ് ഇടവേളക്കു പിരിഞ്ഞത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ലോപ്പസിലൂടെ ബാഴ്‌സ വീണ്ടും മുന്നിലെത്തി. 55ാം മിനിറ്റില്‍ റാഫിഞ്ഞയിലൂടെ ബാഴ്‌സ ലീഡ് ഇരട്ടിയാക്കി. ബോക്സിനു പുറത്തുനിന്നുള്ള താരത്തിന്‍റെ വലങ്കാൽ ഷോട്ട് വലയിൽ.
ജിബ്രിൽ സോവിന് ഫൗൾ ചെയ്തതിനാണ് വാർ പരിശോധനയിൽ ഫെർമിൻ ലോപ്പസിന് നേരിട്ട് ചുവപ്പ് കാർഡ് നൽകിയത്. പത്തു പേരായി ചുരുങ്ങിയിട്ടും ബാഴ്സ പോരാട്ട വീര്യം കൈവിട്ടില്ല. ബാഴ്‌സ ഗോളടി തുടരുകയും ചെയ്തു. 89ാം മിനിറ്റില്‍ എറിക് ഗാര്‍സിയയുടെ ഗോളോടെ ബാഴ്‌സ പട്ടിക പൂർത്തിയാക്കി. കഴിഞ്ഞദിവസം റയൽ-അത്ലറ്റിക് മഡ്രിഡ് ഡെർബി 1-1 സ്കോറിൽ പിരിഞ്ഞതാണ് ബാഴ്സക്ക് നേട്ടമായത്. തിങ്കളാഴ്ച ലീഗിൽ ആറാം സ്ഥാനത്തുള്ള റയോ വയകാനോയുമായാണ് ബാഴ്സയുടെ അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.