ബംഗളൂരുവും മോഹൻ ബഗാനും ഒപ്പത്തിനൊപ്പം (2-2); മത്സരം അധിക സമയത്തേക്ക്

മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആവേശകരമായ ഫൈനൽ അധിക സമയത്തേക്ക്. നിശ്ചിത സമയത്ത് ബംഗളൂരു എഫ്.സിയും എ.ടി.കെ മോഹന്‍ ബഗാനും രണ്ടു ഗോളുകളുമായി സമനില പിടിച്ചതോടെയാണ് മത്സരം അധിക സമയത്തേക്ക് കടന്നത്.

ആസ്ട്രേലിയൻ താരം ദിമിത്രി പെട്രാറ്റോസിന്‍റെ പെനാൽറ്റി ഗോളിലൂടെ എ.ടി.കെയാണ് മത്സരത്തിൽ ആദ്യം ലീഡെടുത്തത്. മത്സരത്തിന്‍റെ 14ാം മിനിറ്റിലാണ് മോഹൻ ബഗാന് അനുകൂലമായി റഫറി പെനാൽറ്റി വധിച്ചത്. കോർണർ കിക്കിൽ ദിമിത്രി പെട്രാറ്റോസ് ബോക്സിനുള്ളിലേക്ക് ഉയർത്തി നൽകിയ പന്ത് റോയ് കൃഷ്ണയുടെ കൈയിൽ തട്ടുകയായിരുന്നു. കിക്കെടുത്ത ടീമിന്റെ ഗോളടിയന്ത്രം പെട്രറ്റോസ് പന്ത് അനായാസം പോസ്റ്റിന്റെ ഇടതു മൂലയിൽ എത്തിച്ചു.

ലീഡുമായി എ.ടി.കെ ഇടവേളക്കു കയറുമെന്ന് ഉറപ്പിച്ചിരിക്കെയാണ്, ഇൻജുറി ടൈമിൽ ബംഗളൂരുവിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ഗോളാക്കി സുനിൽ ഛേത്രി ടീമിന് സമനില സമ്മാനിക്കുന്നത്. സ്വന്തം ബോക്സിനുള്ളിൽ പന്ത് അടിച്ചകറ്റാനുള്ള ശ്രമത്തിൽ എ.ടി.കെ താരം സുഭാശിഷ് ബോസിന്റെ കിക്ക് കൊണ്ടത് ഓടിയെത്തിയ റോയ് കൃഷ്ണയുടെ കാലിൽ. റഫറി ബെംഗളൂരുവിന് അനുകൂലമായി പെനൽറ്റി വിധിച്ചു. കിക്കെടുത്ത ഛേത്രി പന്ത് അനായാസം ബോസ്കിന്‍റെ ഇടതുമൂലയിൽ എത്തിച്ചു.

78ാം മിനിറ്റിൽ റോയ് കൃഷ്ണയിലൂടെ ബംഗളൂരു ലീഡെടുത്തു. കോര്‍ണര്‍ കിക്കിലൂടെ വന്ന പന്ത് മോഹന്‍ ബഗാന്‍ പ്രതിരോധതാരത്തിന്റെ തലയിൽ തട്ടി നേരെ മാര്‍ക്ക് ചെയ്യാതെ നിന്ന റോയ് കൃഷ്ണയുടെ മുന്നിലേക്ക്. വായുവിലേക്ക് ചാടിയുയര്‍ന്ന റോയ് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ പന്ത് വലയിലെത്തിച്ചു. 85ാം മിനിറ്റിൽ മറ്റൊരു പെനാൽറ്റി ഗോളാക്കി പെട്രാറ്റോസ് എ.ടി.കെയെ ഒപ്പമെത്തിച്ചു. നംഗ്യാല്‍ ഭൂട്ടിയയെ ബോക്‌സിനകത്തുവെച്ച് പാബ്ലോ പെരസ് വീഴ്ത്തിയതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്. കിക്കെടുത്ത പെട്രറ്റോസിന് ഇത്തവണയും പിഴച്ചില്ല. ഗോള്‍കീപ്പര്‍ ഗുര്‍പ്രീതിനെ നിസ്സഹായനാക്കി പെട്രറ്റോസിന്‍റെ ഷോട്ട് പോസ്റ്റിന്‍റെ ഇടതുമൂലയിൽ.

മത്സരത്തിന്‍റെ നാലാം മിനിറ്റിൽ തന്നെ സൂപ്പർ താരം ശിവശക്തി നാരായൺ പരിക്കേറ്റ് പുറത്തുപോയത് ബംഗളൂരുവിന് തിരിച്ചടിയായി. പകരക്കാരനായി സുനിൽ ഛേത്രി കളത്തിലിറങ്ങി. ഇടതുവിങ്ങിലൂടെ മലയാളി താരം ആശിഖ് കുരുണിയൻ ആദ്യ പകുതിയിൽ മികച്ച മുന്നേറ്റങ്ങൾ നടത്തി. കണങ്കാലിന് പരിക്കേറ്റ ആശിഖ് രണ്ടാംപാദ സെമിയിൽ ഹൈദരാബാദ് എഫ്.സിക്കെതിരെ കളിച്ചിരുന്നില്ല. കഴിഞ്ഞ ആറ് മത്സരങ്ങളിൽ ഒരുതവണ മാത്രമാണ് ബംഗളൂരു ടീം ബഗാനെ കീഴടക്കിയത്. നാല് വട്ടം ബഗാൻ ജയിച്ചു.

Tags:    
News Summary - Bengaluru and Mohun Bagan tied (2-2); match to extra time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.