ടോക്യോ: ഏഷ്യൻ കപ്പിൽ അപ്രതീക്ഷിതമായി നേരത്തേ മടങ്ങിയ ക്ഷീണം തീർക്കാനിറങ്ങിയ സമുറായികൾക്ക് ഉത്തര കൊറിയക്കെതിരെ ജയം. ലോകകപ്പ് യോഗ്യതാപോരാട്ടത്തിലാണ് ഏകപക്ഷീയമായ ഒരു ഗോളിന് ടീം ജയിച്ചുകയറിയത്. ഇരു ടീമുകളും തമ്മിൽ 2011നുശേഷം നടന്ന ആദ്യ പോരാട്ടത്തിൽ ജപ്പാൻ തുടക്കത്തിലേ ഗോളടിച്ച് മുന്നിൽ കയറി. ആദ്യ വിസിൽ മുഴങ്ങി രണ്ടു മിനിറ്റിനിടെ അവോ തനാകയായിരുന്നു സ്കോറർ. പെനാൽറ്റി ബോക്സിന് മധ്യത്തിൽ മാർക്ക് ചെയ്യപ്പെടാതെനിന്ന താരം അനായാസം എതിർഗോളിയെ മറികടന്നു.
ഒരു ഗോൾ വീണതോടെ ഉണർന്ന കൊറിയക്കാർ തിരിച്ചടിക്കാനായി മൈതാനം നിറഞ്ഞതോടെ കളി കാര്യമായി. സ്വന്തം മൈതാനത്ത് ജപ്പാനെ പ്രതിരോധത്തിലാക്കി അവസരങ്ങൾ നിരന്തരം തുറന്ന ടീമിനായി ഹാൻ ക്വാങ് സോങ്ങിന്റെ ഇടങ്കാലൻ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. നേരത്തേ ജോങ് ഇൽ ഗ്വാൻ വല കുലുക്കിയത് റഫറി ഓഫ്സൈഡ് വിളിച്ചു. ജയത്തോടെ മൂന്നു കളികളിൽ മൂന്നും ജയിച്ച് ടീം ഗ്രൂപ്പിൽനിന്ന് യോഗ്യതക്ക് കൂടുതൽ അരികിലെത്തി.
രണ്ടാം പാദ മത്സരം ചൊവ്വാഴ്ച ഉത്തര കൊറിയൻ തലസ്ഥാനത്ത് നടത്തേണ്ടതായിരുന്നെങ്കിലും വെളിപ്പെടുത്താത്ത കാരണങ്ങളാൽ റദ്ദാക്കി. വേദി മാറ്റുമെന്നായിരുന്നു ആദ്യ പ്രഖ്യാപനമെങ്കിലും പിന്നീട് മത്സരം റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.