അഭിഷേകിന് ഇരട്ടഗോൾ; ഹോക്കിയിൽ ജപ്പാനെയും തകർത്ത് ഇന്ത്യ

ഹാങ്ചോ: ഏഷ്യൻ ​ഗെയിംസ് ഹോക്കിയിൽ നിലവിലെ ചാമ്പ്യന്മാരായ ജപ്പാനെ 4-2ന് തകർത്ത് ഇന്ത്യ സെമിയിൽ. യുവ സ്ട്രൈക്കർ അഭിഷേകിന്റെ ഇരട്ട ഗോളുകളാണ് ഇന്ത്യൻ ജയം അനായാസമാക്കിയത്. അവസാന അഞ്ച് മിനിറ്റിൽ നേടിയ രണ്ട് ഗോളുകളാണ് ജപ്പാനെ വൻ തോൽവിയിൽനിന്ന് രക്ഷിച്ചത്. ഇന്ത്യയുടെ തുടർച്ചയായ മൂന്നാം ജയമാണിത്.

13ാം മിനിറ്റിൽ അഭിഷേകിലൂടെയാണ് ഇന്ത്യ അക്കൗണ്ട് തുറന്നത്. നീലകണ്ഠ ശർമയുടെ ഷോട്ട് ഗോൾകീപ്പർ തടഞ്ഞിട്ടപ്പോൾ റീബൗണ്ടിൽ ​അഭിഷേക് ഗോളാക്കുകയായിരുന്നു. 24ാം മിനിറ്റിൽ മൻദീപ് സിങ്ങും 34ാം മിനിറ്റിൽ അമിത് രോഹിദാസും ലക്ഷ്യം കണ്ടപ്പോൾ 48ാം മിനിറ്റിൽ അഭിഷേക് ഇന്ത്യയുടെ ഗോൾപട്ടിക പൂർത്തിയാക്കി. 57ാം മിനിറ്റിൽ ജെൻകി മിറ്റാനിയും മൂന്ന് മിനിറ്റിന് ശേഷം റ്യോസി കാറ്റോയും നേടിയ ഗോളുകളാണ് ജപ്പാന്റെ പരാജയഭാരം കുറച്ചത്.

പൂൾ എയിൽ ശനിയാഴ്ച ചിരവൈരികളായ പാകിസ്താനുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഉ​സ്ബ​കി​സ്താ​നെ 16-0ത്തി​ന് തോ​ൽ​പി​ച്ച ഇന്ത്യൻ ടീം രണ്ടാം മത്സരത്തിൽ 16-1ന് സിംഗപ്പൂരിനെയും തകർത്തുവിട്ടിരുന്നു. മൂന്ന് മത്സരങ്ങളിൽ 36 ഗോൾ നേടിയ ടീം മൂന്ന് ഗോളുകൾ മാത്രമാണ് വഴങ്ങിയത്. മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യയാണ് പൂൾ എയിൽ മുന്നിൽ. പാകിസ്താനും മൂന്ന് ജയമുണ്ടെങ്കിലും ഗോൾ ശരാശരിയിൽ ഇന്ത്യ മുന്നിലെത്തുകയായിരുന്നു. 

Tags:    
News Summary - Abhishek Verma scored a double; India defeated Japan in hockey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.