ഹർമൻപ്രീതിന് ഡബിൾ; ദക്ഷിണ കൊറിയയെ 4-1ന് തകർത്ത് ഇന്ത്യ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ

ബെയ്ജിങ്: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിൽ, ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങിന്‍റെ ഇരട്ട ഗോൾ മികവിൽ ദക്ഷിണ കൊറിയയെ 4-1ന് തകർത്ത് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. 19, 45 മിനിറ്റുകളിലാണ് ഇന്ത്യൻ നായകൻ ഗോൾവല കുലുക്കിയത്. ഉത്തം സിങ് (13–ാം മിനിറ്റ്), ജർമൻപ്രീത് സിങ് (32) എന്നിവരും ഇന്ത്യക്കായി ഗോൾ നേടി. 33–ാം മിനിറ്റിലെ യാൻ ജി ഹുനാണ് ദക്ഷിണ കൊറിയയുടെ ആശ്വാസ ഗോൾ കണ്ടെത്തിയത്.

നാളെ നടക്കുന്ന കലാശപ്പോരില്‍ ആതിഥേയരായ ചൈനയാണ് ഇന്ത്യയുടെ എതിരാളി. ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടിൽ ചൈനയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു തോൽപിച്ച ആത്മവിശ്വാസവുമായാവും ഇന്ത്യ ഇറങ്ങുക. ആദ്യ സെമിയില്‍ പാകിസ്താനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് ചൈന ഫൈനലുറപ്പിച്ചത്. മൂന്നാം സ്ഥാനത്തിനായി കൊറിയ പാകിസ്താനെ നേരിടും.

ഗ്രൂപ്പ് ഘട്ടത്തില്‍ അഞ്ച് മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ സെമിയില്‍ പ്രവേശിച്ചത്. പരാജയം രുചിക്കാതെ അവസാന നാലിലെത്തിയ ഏക ടീമും ഇന്ത്യയാണ്. ടൂർണമെന്റിലുടനീളം വ്യക്തമായ ആധിപത്യം പുലർത്താൻ ഇന്ത്യക്ക് സാധിച്ചു. ആദ്യ മത്സരത്തില്‍ ചൈനയെ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു തകർത്തത്. ശേഷം ജപ്പാനെ 5-1 എന്ന സ്കോറില്‍ കീഴടക്കി. മലേഷ്യക്കെതിരെ ഒന്നിനെതിരെ എട്ട് ഗോളുകള്‍ക്കായിരുന്നു ജയം.

Tags:    
News Summary - Asian Champions Trophy 2024 Semi Final: India Thrash Korea 4-1, Set Up Final vs China

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.