ചെന്നൈ: പാകിസ്താന്റെ സെമിഫൈനൽ മോഹങ്ങൾ അവസാനിപ്പിച്ച് ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യയുടെ വിജയഗാഥ. അഞ്ചാം ലീഗ് മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളിനായിരുന്നു ആതിഥേയരുടെ ജയം. ഇതോടെ നാലു ജയവും ഒരു സമനിലയുമായി 13 പോയന്റ് നേടി ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്തി.
സെമിയിലെത്താൻ ജയമോ സമനിലയോ അനിവാര്യമായിരുന്ന പാകിസ്താൻ അഞ്ചാം സ്ഥാനക്കാരായി മടങ്ങി. വെള്ളിയാഴ്ച നടക്കുന്ന സെമിയിൽ ഇന്ത്യയെ ജപ്പാനും മലേഷ്യയെ കൊറിയയും നേരിടും. 15ാം മിനിറ്റിൽ ക്യാപ്റ്റൻ ഹർമൻ പ്രീത് സിങ് ഇന്ത്യയുടെ ആദ്യ ഗോൾ നേടി. എട്ടു മിനിറ്റിനുശേഷം നായകൻ ലീഡ് കൂട്ടിയതോടെ പാകിസ്താന്റെ സെമിസാധ്യത അവസാനിച്ചുതുടങ്ങി. രണ്ടാം പകുതി തുടങ്ങി 36ാം മിനിറ്റിൽ ജുഗുരാജ് സിങ്ങും അക്കൗണ്ട് തുറന്നു. 55ാം മിനിറ്റിൽ അക്ഷദീപ് സിങ്ങിന്റെ വകയായിരുന്നു ഇന്ത്യയുടെ നാലാം ഗോൾ.
ചൈന, മലേഷ്യ, ദക്ഷിണ കൊറിയ ടീമുകൾക്കെതിരെയും ആധികാരിക ജയങ്ങൾ നേടിയ ആതിഥേയർ ജപ്പാനോട് 1-1 സമനില വഴങ്ങുകയായിരുന്നു.
ചെന്നൈ: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റിൽ ഇന്ത്യക്കും മലേഷ്യക്കും പിന്നാലെ നിലവിലെ ചാമ്പ്യന്മാരായ ദക്ഷിണ കൊറിയയും ജപ്പാനും സെമി ഫൈനലിൽ പ്രവേശിച്ചു. അവസാന ലീഗ് മത്സരത്തിൽ കൊറിയയെ 1-0ത്തിന് തോൽപിച്ച മലേഷ്യ 12 പോയന്റോടെ ഇന്ത്യക്ക് (13) പിന്നിൽ രണ്ടാം സ്ഥാനം ഭദ്രമാക്കി.
ചൈനയെ 2-1ന് തോൽപിച്ചതോടെ ജപ്പാനും കൊറിയക്കും പാകിസ്താനും അഞ്ചു പോയന്റ് വീതമായി. ഗോൾ വ്യത്യാസത്തിന്റെ ബലത്തിൽ ചാമ്പ്യന്മാർ മൂന്നാമത്തെ ടീമായി അവസാന നാലിൽ കടന്നെങ്കിലും ജപ്പാന് ഇന്ത്യ-പാകിസ്താൻ മത്സരം തീരുംവരെ കാത്തിരിക്കേണ്ടിവന്നു. പാകിസ്താന്റെ തോൽവിയാണ് ജപ്പാന് ഗുണംചെയ്തത്. പാകിസ്താനും ചൈനയും സെമി കാണാതെ പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.