ചെന്നൈ: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ ആദ്യമായി മലേഷ്യ കലാശപ്പോരിന്. കരുത്തരായ ദക്ഷിണ കൊറിയയെ രണ്ടിനെതിരെ ആറു ഗോളിന് വീഴ്ത്തിയാണ് ടീം ആദ്യ സെമിയിൽ ജയം കുറിച്ചത്. ടൂർണമെന്റിൽ ഇന്ത്യക്കു മുന്നിലൊഴിച്ചാൽ എല്ലാ മത്സരങ്ങളും ജയിച്ചാണ് മലേഷ്യ സെമിയിലെത്തിയിരുന്നത്. അതേ ആവേശവുമായി വെള്ളിയാഴ്ച മൈതാനത്തെത്തിയ ടീം പക്ഷേ, 60ാം സെക്കൻഡിൽ ഗോൾ വഴങ്ങി.
അനായാസം തട്ടിയകറ്റാമെന്ന പ്രതീക്ഷയിൽ നിന്ന മലേഷ്യൻ പ്രതിരോധ താരത്തിൽനിന്ന് പന്ത് സ്റ്റിക്കിലെടുത്ത ചീയോൻ ജി വൂ ഗോളിയെ നിസ്സഹായനാക്കി വല കുലുക്കുകയായിരുന്നു. മൂന്നു മിനിറ്റിനിടെ അസ്വാൻ ഹസൻ മറുപടി ഗോൾ കണ്ടെത്തി. സമനില പിടിച്ച ആവേശത്തിൽ ആക്രമണത്തിന് മൂർച്ചകൂട്ടിയ മലേഷ്യ തന്നെയാണ് വീണ്ടും വല കുലുക്കിയത്. നജ്മിയായിരുന്നു സ്കോറർ.
വിട്ടുകൊടുക്കാനില്ലാതെ പൊരുതിക്കയറിയ കൊറിയ 14ാം മിനിറ്റിൽ സ്കോർ 2-2 ആക്കി. എതിരാളികൾക്ക് അവസരങ്ങൾ അതോടെ അവസാനിപ്പിച്ച മലേഷ്യ മാത്രമായി പിന്നീട് ചിത്രത്തിൽ. 19, 21 മിനിറ്റുകളിൽ രണ്ടു ഗോളുമായി ബഹുദൂരം മുന്നിലെത്തിയ മലേഷ്യ 47, 48 മിനിറ്റുകളിൽ വീണ്ടും വല കുലുക്കി. പിന്നെയും ഓടിനടന്ന് സമ്മർദം ഇരട്ടിയാക്കിയ മലേഷ്യ കൂടുതൽ ഗോളുകൾ നേടിയില്ലെന്നതു മാത്രമായിരുന്നു കൊറിയൻ ആശ്വാസം. ഇതോടെ, മലേഷ്യ ആദ്യമായി ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കലാശപ്പോരിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.