മലേഷ്യയുടെ വലനിറച്ച് ഇന്ത്യ; ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി സെമിയിൽ

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ മലേഷ്യയുടെ വലനിറച്ച് ഇന്ത്യ. ഒന്നിനെതിരെ എട്ടു ഗോളുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ മലേഷ്യയെ തകർത്തത്.

കളിച്ച മൂന്നു മത്സരങ്ങളും ജയിച്ച ഇന്ത്യ ഒമ്പത് പോയന്‍റുമായി സെമി ഫൈനലിലെത്തി. സ്‌ട്രൈക്കര്‍ രാജ്കുമാര്‍ പാല്‍ ഹാട്രിക്ക് നേടി. 3, 25, 33 മിനിറ്റുകളിലായിരുന്നു താരത്തിന്‍റെ ഗോളുകൾ. അരെയ്ജീത് സിങ് ഇരട്ട ഗോളുമായി തിളങ്ങി (6, 39 മിനിറ്റുകളിൽ). യുഗ് രാജ് സിങ് (ഏഴാം മിനിറ്റിൽ), ഹർമൻപ്രീത് സിങ് (22), ഉത്തം സിങ് (40) എന്നിവരും ഗോളുകൾ നേടി. 34ാം മിനിറ്റിൽ അഖീമുല്ല അനുവാറാണ് മലേഷ്യക്കായി ആശ്വാസ ഗോൾ നേടിയത്.

രാജ്കുമാര്‍ പാലിന്റെ കന്നി അന്താരാഷ്ട്ര ഹാട്രിക്കാണ് മത്സരത്തിൽ പിറന്നത്. രണ്ട് ഗോളുകള്‍ നേടുകയും മികച്ച പ്രകടനം നടത്തുകയും ചെയ്ത ഇരുപതുകാരനായ അരെയ്ജീത് സിങ് ആണ് കളിയിലെ താരം. ഇന്ത്യയുടെ അഞ്ച് ഗോളുകള്‍ നേരിട്ടും മൂന്ന് ഗോളുകള്‍ പെനാല്‍റ്റി കോര്‍ണറുകളില്‍നിന്നുമാണ്. കഴിഞ്ഞ തവണ ഫൈനലില്‍ മലേഷ്യയെ തോല്‍പ്പിച്ചാണ് ഇന്ത്യ ചാമ്പ്യന്മാരായത്.

ആറ് ടീമുകള്‍ കളിക്കുന്ന ടൂർണമെന്‍റിൽ ആദ്യ നാല് സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ സെമി ഫൈനല്‍ യോഗ്യത നേടും. ആദ്യ മത്സരത്തിൽ ചൈനയെ 3-0നും രണ്ടാം മത്സരത്തില്‍ ജപ്പാനെ 5-1നും ഇന്ത്യ തകര്‍ത്തിരുന്നു.

Tags:    
News Summary - Asian Champions Trophy: India Hammer Malaysia 8-1 To Enter Last Semifinals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.