ഹാങ്ചോ: ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യൻ വനിതകളും ഗോൾ വർഷത്തോടെ തുടങ്ങി. ബുധനാഴ്ച നടന്ന പൂൾ എ യിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ എതിരില്ലാത്ത 13 ഗോളുകൾക്ക് സിംഗപ്പൂരിനെ തകർത്തു. ഹാട്രിക് നേടിയ സംഗീത കുമാരി ഗോളടിക്കാരിൽ മികച്ചു നിന്നു.
നവനീത് കൗർ രണ്ടു ഗോളടിച്ചപ്പോൾ ഉദ്ദിത, സുശീല ചാനു, ദീപിക, ദീപ് ഗ്രേസ് എക്ക, നേഹ, സലീമ ടെറ്റെ, മോണിക്ക, വന്ദന കതാരിയ എന്നിവരും ഗോൾ പട്ടികയിൽ പേരു ചേർത്തു. കഴിഞ്ഞ ദിവസം 16 ഗോളുകൾ വാങ്ങിക്കൂട്ടിയ ആണുങ്ങളുടെ വിധി തന്നെയായിരുന്നു ഇന്നലെ സിംഗപ്പൂരിന്റെ പെണ്ണുങ്ങൾക്കും. ഏകപക്ഷീയമായ പോരാട്ടത്തിൽ ഇന്ത്യൻ ആക്രമണത്തിന് മുന്നിൽ പകച്ചു നിന്ന അവർ ആദ്യ രണ്ടു ക്വാർട്ടർ പിന്നിടുമ്പോഴേക്കും എട്ടു ഗോൾ വഴങ്ങിയിരുന്നു.
രണ്ടാം പകുതിയിൽ കൂടുതൽ ഗോൾ വഴങ്ങാതിരിക്കുകയെന്ന ലക്ഷ്യത്തിലേക്ക് മത്സരം ചുരുക്കിയ അവർക്ക് ഒരിക്കൽ പോലും നായിക സവിത കാത്ത ഇന്ത്യൻ ഗോൾ മുഖത്ത് എത്തിനോക്കാനായില്ല. സിംഗപ്പൂരിന്റെ പകുതിയിൽ തമ്പടിച്ചു നിന്ന ഇന്ത്യ സമ്പാദിച്ച നിരവധി പെനാൽട്ടി കോർണറുകളിൽ അഞ്ചെണ്ണം മാത്രമാണ് ഗോളാക്കാനായത്. നാളെ നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ മലേഷ്യയാണ് അടുത്ത എതിരാളി. ദക്ഷിണ കൊറിയയാണ് ഗ്രൂപ്പിലെ മറ്റൊരു ടീം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.