41 വർഷത്തെ കാത്തിരിപ്പിന് വിരാമിട്ടാണ് ഇന്ത്യ ഹോക്കിയിൽ ഒരു ഒളിമ്പിക്സ് മെഡൽ സ്വന്തമാക്കുന്നത്. ജർമ്മനിക്കെതിരായ മത്സരത്തിൽ ജയിച്ച് വെങ്കലം നേടിയതോടെയാണ് ഇന്ത്യയുടെ കാത്തിരിപ്പിന് വിരാമമായത്. 130 കോടി ഇന്ത്യക്കാരുടെ പ്രാർഥനകൾ സഫലമാക്കി ടോക്യോയിൽ നിന്ന് ഇന്ത്യൻ ഹോക്കി ടീം മടങ്ങുേമ്പാൾ മലയാളികൾക്കും അഭിമാനിക്കാനേറേയുണ്ട്. ജർമ്മനിക്കെതിരായ മത്സരത്തിൽ മിന്നും സേവുകളിലൂടെ ഇന്ത്യയുടെ കോട്ട കാത്തത് മലയാളിയായ ശ്രീജേഷായിരുന്നു. മലയാളി താരത്തിന്‍റെ സേവുകളില്ലായിരുന്നുവെങ്കിൽ ഒരു പക്ഷേ മത്സരഫലം മറ്റൊന്നായേനെ.
അവസാന സെക്കൻഡുകളിലെ പെനാൽറ്റി കോർണറടക്കം ഒമ്പതോളം സേവുകളാണ് ശ്രീജേഷ് നടത്തിയത്. കളി തീരാൻ വെറും 12 സെക്കൻഡ് മാത്രം ബാക്കിയുള്ളപ്പോഴാണ് ജർമ്മനിക്ക് അനുകൂലമായി റഫറി പെനാൽറ്റി കോർണർ അനുവദിച്ചത്. രാജ്യത്തിന്‍റെ ഹൃദയമിടിപ്പ് ഒരു നിമിഷം നിലച്ചുപോയ സമയം. ഇന്ത്യയുടെ ശ്രദ്ധ മുഴുവൻ ശ്രീജേഷ് എന്ന ഗോൾകീപ്പറിലായിരുന്നു. എന്നാൽ, വർഷങ്ങളുടെ കളിപരിചയം മുതലാക്കി ജർമ്മനിയുടെ പെനാൽറ്റി കോർണർ ശ്രീജേഷ് പ്രതിരോധിച്ചതോടെ ഹോക്കിയിൽ വീണ്ടുമൊരു ഒളിമ്പിക്സ് മെഡലെന്ന ഇന്ത്യയുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പാണ് അവസാനിച്ചത്.
സീനിയർ ഗോൾകീപ്പറായ അഡ്രിയൻ ഡിസൂസയ്ക്കും ഭാരത് ഛേത്രിക്കുമായി പലകുറി വഴിമാറി കൊടുക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ഇന്ത്യൻ ഹോക്കിയിൽ സമാനതകളില്ലാത്ത നേട്ടമാണ് ശ്രീജേഷ് സ്വന്തമാക്കിയത്. കൊളംബോയിൽ നടന്ന സൗത്ത് ഏഷ്യൻ ഗെയിംസിലാണ് ശ്രീജേഷ് അരങ്ങേറിയത്. രണ്ട് വർഷത്തിന് ശേഷം നടന്ന ജൂനിയർ ഏഷ്യകപ്പിൽ ഇന്ത്യ കിരീടം നേടിയപ്പോൾ മികച്ച ഗോൾകീപ്പറായി ശ്രീജേഷ് വരവറിയിച്ചു. പിന്നീട് പല നിർണായക മത്സരങ്ങളിലും ഇന്ത്യയുടെ കോട്ട കാത്തത് ശ്രീജേഷായിരുന്നു. കളി തീരാൻ 12 സെക്കൻഡ് മാത്രം ബാക്കിയുള്ളപ്പോൾ ലഭിച്ച പെനാൽറ്റി കോർണർ ശ്രീജേഷ് സേവ് ചെയ്തതിനെ അത്ഭുതകരമെന്നാണ് ക്രിക്കറ്റ് ഇതിഹാസം സചിൻ വിശേഷിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.