ന്യൂഡൽഹി: ഹോക്കി ഇന്ത്യയിൽ പുതിയ പ്രതിസന്ധി സൃഷ്ടിച്ച് ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുടെ രാജി. 13 വർഷം പദവി വഹിച്ച ആസ്ട്രേലിയക്കാരി എലേന നോർമനാണ് സ്ഥാനമൊഴിഞ്ഞത്. കഴിഞ്ഞ മൂന്നു മാസമായി എലേനക്ക് വേതനം നൽകിയിട്ടില്ലെന്ന് ഹോക്കി ഇന്ത്യ വൃത്തങ്ങൾ വെളിപ്പെടുത്തി. കാരണം വ്യക്തമാക്കാതെയാണ് സി.ഇ.ഒയുടെ പുറത്തുപോക്ക് ഹോക്കി ഇന്ത്യ പ്രഖ്യാപിച്ചത്. എന്നാൽ, ശമ്പളമടക്കം ചില പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും എലേന വ്യക്തമാക്കി. ഇക്കാര്യം പ്രസിഡന്റ് ദിലീപ് ടിർക്കിയും സമ്മതിച്ചു.
ഹോക്കി ഇന്ത്യയിൽ രണ്ടു വിഭാഗങ്ങളുണ്ടെന്ന് എലേന വാർത്ത ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ തുറന്നടിച്ചു. താനും പ്രസിഡന്റും ഒരു ഭാഗത്താണ്. സെക്രട്ടറിയും ട്രഷററും എക്സിക്യൂട്ടിവ് ഡയറക്ടറുമടക്കം മറുഭാഗത്തുമാണെന്നും എലേന പറഞ്ഞു. പ്രയാസകരമായ തൊഴിൽ സാഹചര്യങ്ങളും ശമ്പള കുടിശ്ശികയും സി.ഇ.ഒയുടെ രാജിക്ക് കാരണമായതായി ടിർക്കി വ്യക്തമാക്കി. പലതവണ ഓർമിപ്പിച്ചതിനെത്തുടർന്ന് ഇയ്യിടെ അവരുടെ മൂന്നു മാസത്തെ ശമ്പളം നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2007ൽ ജോലിയാവശ്യാർഥം ഇന്ത്യയിലെത്തിയ എലേന, 2011ലാണ് ഹോക്കി ഇന്ത്യ സി.ഇ.ഒയായി ചുമതലയേറ്റത്. ഇവരുടെ കാലത്ത് രണ്ടു വീതം സീനിയർ, ജൂനിയർ ലോകകപ്പുകൾക്ക് രാജ്യം വേദിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.