യൂറോപിൽ സുരക്ഷിതവും സമാധാനപൂർണവുമായ ജീവിതം തേടി ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് പുറപ്പെട്ടിറങ്ങിയവരെയും വഹിച്ചുള്ള അനധികൃത ബോട്ടുകൾ തകരുന്ന കഥകൾ നിരവധിയാണ്. ഏറ്റവുമൊടുവിൽ ഇറ്റാലിയൻ തീരത്ത് കഴിഞ്ഞ ദിവസം തകർന്നുപോയ ബോട്ടിലുണ്ടായിരുന്ന 67 പേരാണ് മരണത്തിന് കീഴടങ്ങിയത്. 200 ഓളം അഭയാർഥികളുമായി പോയ ബോട്ടാണ് ദക്ഷിണ ഇറ്റലിയിലെ തീരത്തോടു ചേർന്ന് കാറ്റിലും കോളിലും പെട്ട് പാറക്കൂട്ടങ്ങളിലിടിച്ചുതകർന്നത്. കുറെ പേരെ രക്ഷപ്പെടുത്താനായെങ്കിലും 16 കുരുന്നുകളുൾപ്പെടെ മരണത്തിന് കീഴടങ്ങി. ഇനിയും കണ്ടുകിട്ടാത്തവരും നിരവധി. അഫ്ഗാനിസ്താൻ പൗരന്മാരാണ് ഏറെയുമെന്നായിരുന്നു പ്രാഥമിക റിപ്പോർട്ട്. പാകിസ്താൻ, ഫലസ്തീൻ, ഇറാൻ, സോമാലിയ എന്നിവിടങ്ങളിലുള്ളവരും ദുരന്തത്തിനിരയായവരിലുണ്ടെന്ന് ഇറ്റാലിയൻ അധികൃതർ പറയുന്നു.
എന്നാൽ, മുമ്പ് പാക് ദേശീയ വനിത ടീമിൽ സാന്നിധ്യമായിരുന്ന ഷാഹിദ റാസയും ഇതേ ബോട്ടിലുണ്ടായിരുന്നുവെന്നും അവർ മരണത്തിന് കീഴടങ്ങിയതായും ബലൂചിസ്താൻ പ്രവിശ്യ പ്രതിനിധി സ്ഥിരീകരിച്ചു. ക്വറ്റ സ്വദേശിയായിരുന്നു.
ഹോക്കി ദേശീയ ടീമിനു പുറമെ പ്രാദേശിക ലീഗുകളിൽ ഇവർ ഫുട്ബാളും കളിച്ചിരുന്നു. 27 വയസ്സായിരുന്നു പ്രായം. കടുത്ത പ്രയാസങ്ങൾ വേട്ടയാടിയതോടെയായിരുന്നു പച്ചത്തുരുത്ത് തേടി യൂറോപിലേക്ക് പുറപ്പെടാൻ തീരുമാനിച്ചത്. തുർക്കിയിൽനിന്നായിരുന്നു ബോട്ട് പുറപ്പെട്ടത്. ക്രോട്ടോണിലെ പാറക്കൂട്ടങ്ങളിലാണ് ബോട്ട് ചെന്നിടിച്ചത്. 200 അഭയാർഥികളിൽ 40 പേർ പാകിസ്താനികളായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പാക് സ്വദേശികൾ അറസ്റ്റിലായിട്ടുണ്ട്. ഓരോരുത്തരിൽനിന്നും 8,000 യൂറോ കൈപ്പറ്റിയായിരുന്നു ഇവർക്ക് യാത്ര തരപ്പെടുത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.