ശ്രീജേഷിന് ആദരം; ഇന്ത്യൻ ഹോക്കിയിൽനിന്ന് 16ാം നമ്പർ ജഴ്സി ‘വിരമിച്ചു’; ഇനി ജൂനിയർ ടീം പരിശീലകൻ

ന്യൂഡല്‍ഹി: സൂപ്പർതാരം പി.ആർ. ശ്രീജേഷിനു പിന്നാലെ ഇന്ത്യൻ ഹോക്കി ടീമിൽനിന്ന് 16ാം നമ്പർ ജഴ്സിയും ‘വിരമിച്ചു’. രണ്ടു പതിറ്റാണ്ടു കാലം ഇന്ത്യൻ ഗോൾവല കാത്ത ശ്രീജേഷിനുള്ള ആദരമായാണ് മലയാളി താരം ധരിച്ചിരുന്ന 16ാം നമ്പർ ജഴ്സി ഹോക്കി ഇന്ത്യ പിൻവലിച്ചത്. സീനിയർ ടീമിൽ ഇനി ആർക്കും 16 ാം നമ്പർ ജഴ്സി നൽകില്ലെന്ന് ഹോക്കി ഇന്ത്യ അറിയിച്ചു.

പാരിസ് ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യ വെങ്കല മെഡൽ നേടുന്നതിൽ ശ്രീജേഷ് നിർണായക പങ്കുവഹിച്ചിരുന്നു. ‘ശ്രീജേഷ് ഇനി ജൂനിയർ ടീമിനെ പരിശീലിപ്പിക്കും. സീനിയർ ടീമിൽനിന്ന് 16ാം നമ്പർ ജഴ്സി വിരമിച്ചു. ജൂനിയർ ടീമിൽനിന്ന് 16ാം നമ്പർ ജഴ്സി പിൻവലിക്കില്ല’ -ഹോക്കി ഇന്ത്യ സെക്രട്ടറി ജനറൽ ഭോല നാഥ് സിങ് പറഞ്ഞു. തുടർച്ചയായ രണ്ടാം ഒളിമ്പിക്സിലും വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിന് നൽകിയ സ്വീകരണ യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജൂനിയർ ടീമിൽ തന്നെപോലൊരു താരത്തെ ശ്രീജേഷ് വളർത്തിയെടുക്കുമെന്നും അദ്ദേഹം 16ാം നമ്പർ ജഴ്സി ധരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്രീജേഷിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്‍റെ പേരുള്ള ചുവപ്പ് ജഴ്സി ധരിച്ചാണ് സ്വീകരണ ചടങ്ങിൽ ഇന്ത്യൻ താരങ്ങൾ പങ്കെടുത്തത്. ഒളിമ്പിക്സിൽ സ്പെയിനെ വീഴ്ത്തി ഇന്ത്യക്ക് വെങ്കല മെഡൽ സമ്മാനിച്ചതിനു പിന്നാലെയാണ് ശ്രീജേഷ് 18 വർഷം നീണ്ടുനിന്ന ഹോക്കി കരിയർ അവസാനിപ്പിച്ചത്. ഒളിമ്പിക്സിനു പിന്നാലെ വിരമിക്കുമെന്ന് താരം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. സ്പെയിനിനെതിരായ മത്സരത്തിലും താരം നിര്‍ണായക സെവുകളുമായി കളംനിറഞ്ഞു.

ഇന്ത്യന്‍ ഹോക്കി ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്‍കീപ്പറെന്ന തിളക്കത്തോടെയാണ് താരം കളംവിട്ടത്. മെഡലില്ലാത്ത നാല് പതിറ്റാണ്ടിന് ശേഷം ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യന്‍ ഹോക്കി ടീം വെങ്കല മെഡലണിയുമ്പോള്‍ ഇന്ത്യന്‍ സ്വപ്നങ്ങളെ കോട്ടകെട്ടിക്കാത്തതും ശ്രീജേഷായിരുന്നു. ഇന്ത്യക്കായി 2022 ഏഷ്യൻ ഗെയിംസിൽ സ്വർണവും കോമൺവെൽത്ത് ഗെയിംസിൽ വെള്ളിയും 2023 ഏഷ്യൻ ചാമ്പ്യൻഷ് ട്രോഫിയിൽ സ്വർണവും നേടുന്നതിൽ താരത്തിന് നിർണായക പങ്കുണ്ടായിരുന്നു.

Tags:    
News Summary - Hockey India retires goalkeeper PR Sreejesh’s No. 16 jersey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.