ഹോക്കി ലോകകപ്പ്: ജപ്പാനെ എട്ട് ഗോളിന് മുക്കി ഇന്ത്യ

ഭുവനേശ്വർ: ഹോക്കി ലോകകപ്പിൽനിന്ന് നേരത്തെ പുറത്തായ ഇന്ത്യ സ്ഥാനം നിശ്ചയിക്കാനുള്ള മത്സരത്തിൽ ഏഷ്യൻ ഗെയിംസ് ചാമ്പ്യന്മാരായ ജപ്പാനെ എതിരില്ലാത്ത എട്ട് ഗോളിന് തകർത്തു. ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്, യുവ സ്ട്രൈക്കർ അഭിഷേക് എന്നിവർ ഇരട്ട ഗോളുകളുമായി ജയത്തിൽ നിർണായക പങ്കുവഹിച്ചു.

ഗോളൊഴിഞ്ഞ ഒന്നും രണ്ടും ക്വാർട്ടറുകൾക്ക് ശേഷം മൂന്നും നാലും ക്വാർട്ടറുകളിൽ നാല് ഗോൾ വീതം അടിച്ചുകൂട്ടിയാണ് ഇന്ത്യ വമ്പൻ ജയം സ്വന്തമാക്കിയത്. നേരത്തെ ന്യൂസിലാൻഡുമായുള്ള ക്രോസ് ഓവർ മത്സരത്തിൽ പരാജയപ്പെട്ട് ടൂർണമെന്റിൽനിന്ന് പുറത്തായ ഇന്ത്യക്ക് ആശ്വാസം നൽകുന്നതാണ് ഈ ജയം. ഒമ്പത് മുതൽ 12 വരെ സ്ഥാനത്തേക്കുള്ള പോരാട്ടത്തൽ ശനിയാഴ്ച ദക്ഷിണാഫ്രിക്കയാണ് ആതിഥേയരുടെ എതിരാളികൾ.

46, 59 മിനിറ്റുകളിലായിരുന്നു ഹർമൻപ്രീത് സിങ്ങിന്റെ ഗോളുകൾ. രണ്ടും ​പെനാൽറ്റി കോർണറുകളിൽനിന്നായിരുന്നു. ടൂർണമെന്റിൽ ഇന്നലത്തെ മത്സരം വരെ ഇന്ത്യക്ക് ലഭിച്ച 26 പെനാൽറ്റി കോർണറുകളിൽ മിക്കതും എടുത്ത നായകന് അതിൽ ഒന്നുപോലും ഗോളാക്കാൻ കഴിഞ്ഞിരുന്നില്ല.

എന്നാൽ, വെയിൽസിനെതിരായ മത്സരത്തിൽ ഒരു ഫീൽഡ് ഗോൾ നേടാനായിരുന്നു. 36, 44 മിനിറ്റുകളിലായിരുന്നു അഭിഷേകിന്റെ ഗോളുകൾ. മൻദീപ് സിങ് (33ാം മിനിറ്റ്), വിവേക് സാഗർ പ്രസാദ് (40), മൻപ്രീത് സിങ് (59), സുഖ്ജീത് സിങ് (60) എന്നിവരാണ് ശേഷിക്കുന്ന ഗോളുകൾ നേടിയത്. ബിർസ മുണ്ട സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ കാണികൾക്ക് മുമ്പിൽ മത്സരത്തിന്റെ 60 ശതമാനവും കളി പിടിച്ചത് ഇന്ത്യയായിരുന്നു. 

Tags:    
News Summary - Hockey World Cup: India defeated Japan by eight goals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.