ഭുവനേശ്വർ/റൂർക്കേല: പുതിയ ലോക ചാമ്പ്യന്മാരെത്തേടി ഹോക്കി സ്റ്റിക്കുമായി 16 രാജ്യങ്ങൾ ഇറങ്ങുന്നു. 15ാമത് ഹോക്കി ലോകകപ്പ് മത്സരങ്ങൾക്ക് വെള്ളിയാഴ്ച ഒഡിഷയിൽ തുടക്കമാവും. ഭുവനേശ്വറിലെ കലിംഗ, റൂർക്കേലയിലെ ബിർസ മുണ്ട സ്റ്റേഡിയങ്ങളിലാണ് പോരാട്ടങ്ങൾ. സെമി ഫൈനലുകൾ ജനുവരി 27നും കലാശാക്കളി 29നും കലിംഗയിൽ.
ആതിഥേയരായ ഇന്ത്യ പൂൾ ഡി യിലാണ്. ഇന്ത്യയുടെ ആദ്യ മത്സരം റൂർക്കേലയിൽ ഇന്ന് രാത്രി ഏഴിന് സ്പെയിനുമായി നടക്കും. ഉച്ചക്ക് ഒരു മണിക്ക് കലിംഗയിൽ ഉദ്ഘാടന മത്സരത്തിൽ അർജന്റീനയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. ഇതേവേദിയിൽ വൈകീട്ട് മൂന്നിന് ആസ്ട്രേലിയ-ഫ്രാൻസ്, അഞ്ചിന് റൂർക്കേലയിൽ ഇംഗ്ലണ്ട്-വെയ്ൽസ് മത്സരങ്ങളും നടക്കും.
15ന് റൂർക്കേലയിൽ ഇംഗ്ലണ്ടിനെയും 19ന് കലിംഗയിൽ വെയ്ൽസിനെയും ഇന്ത്യ നേരിടും. 1975ലാണ് ഇന്ത്യ അവസാനമായി ഫൈനൽ കളിച്ചതും ജേതാക്കളായതും. അതിനു ശേഷം അവസാന നാലു പോലും അപ്രാപ്യമായി. ഹർമൻപ്രീത് സിങ് നയിക്കുന്ന ടീം ഇക്കുറി വലിയ ആത്മവിശ്വാസത്തിലാണ്. 2021ലെ ഒളിമ്പിക് വെങ്കല മെഡൽ നേട്ടം അത് വർധിപ്പിക്കുന്നു.
ഇന്ത്യൻ ടീം: പി.ആർ. ശ്രീജേഷ്, കൃഷ്ണ പഥക്, അർമൻപ്രീത് സിങ്, സുരേന്ദർ കുമാർ, ഹർമൻപ്രീത് സിങ്, വരുൺ കുമാർ, അമിത് രോഹിദാസ്, നിലം സഞ്ജീപ് സെസ്, മൻപ്രീത് സിങ്, ഹാർദിക് സിങ്, നീലകണ്ഠ ഷാർ, ഷംഷേർ സിങ്, വിവേക് സാഗർ പ്രസാദ്, ആകാശ്ദീപ് സിങ്, മൻദീപ് സിങ്, ലളിത് കുമാർ ഉപാധ്യായ, അഭിഷേക്, സുഖ്ജീത് സിങ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.