ന്യൂഡൽഹി: ബദ്ധവൈരികൾ മുഖാമുഖം നിന്ന അയൽപോര് ജയിച്ച് ഇന്ത്യയുടെ അപരാജിത കുതിപ്പ്. ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിലെ അവസാന ലീഗ് മത്സരത്തിലാണ് പാകിസ്താനെ ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തിയത്. പെനാൽറ്റി കോർണറുകൾ രണ്ടുവട്ടം വലയിലെത്തിച്ച് ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് ആയിരുന്നു കളിയിലെ ഹീറോ. ആറു ടീമുകളടങ്ങിയ ഗ്രൂപിൽ അഞ്ചു മത്സരങ്ങളും പൂർത്തിയാക്കിയ ഇന്ത്യ എല്ലാം ജയിച്ച് പോയന്റ് നിലയിൽ ബഹുദൂരം മുന്നിൽനിന്നാണ് നോക്കൗട്ടിലെത്തുന്നത്.
എട്ടാം മിനിറ്റിൽ അഹ്മദ് നദീമിലൂടെ പാകിസ്താനാണ് ആദ്യം ലീഡെടുത്തത്. എന്നാൽ, അഞ്ച് മിനിറ്റിനിടെ ഗോൾ മടക്കി ക്യാപ്റ്റൻ ഇന്ത്യയെ ഒപ്പമെത്തിച്ചു. വൈകാതെ ഒരിക്കലൂടെ വല കുലുക്കി ഹർമൻപ്രീത് ഇന്ത്യൻ വിജയം ഉറപ്പാക്കുകയും ചെയ്തു. ടൂർണമെന്റിൽ പാകിസ്താന്റെ ആദ്യ തോൽവിയായിരുന്നു ഇത്. ഇരു ടീമുകളും നേരത്തേ സെമി ഉറപ്പാക്കിയിട്ടുണ്ട്. 2016 മുതൽ പാകിസ്താനുമേൽ ഇന്ത്യ തുടരുന്ന അപ്രമാദിത്വം ഒരിക്കലൂടെ ഉറപ്പിക്കൽ കൂടിയായി വിജയം. കഴിഞ്ഞ വർഷം ഏഷ്യൻ ഗെയിംസിൽ ഇരു ടീമുകളും മുഖാമുഖംനിന്നപ്പോൾ 10 -2നായിരുന്നു ഇന്ത്യൻ വിജയം. കളിക്കിടെ ഇന്ത്യയുടെ ഹർമൻപ്രീതും പാക് താരം അഷ്റഫ് വഹീദ് റാണയും തമ്മിൽ ഏറെനേരം വാഗ്വാദമുണ്ടായി.
ഇന്നലെ മറ്റു മത്സരങ്ങളിൽ മലേഷ്യ- കൊറിയയെ 3-3ന് സമനിലയിൽ പിടിച്ചപ്പോൾ ചൈന ജപ്പാനെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്തുവിട്ടു. ഇതോടെ, അവസാന മത്സരം ജയിച്ച് ചൈന സെമിയിൽ ഇടമുറപ്പിച്ചു. പാരിസ് ഒളിമ്പിക്സ് മെഡലിസ്റ്റുകളായ ഇന്ത്യക്ക് സെമിയിൽ കൊറിയയാണ് എതിരാളികൾ. പാകിസ്താൻ ചൈനയെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.