ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ ഇന്ത്യ സ്വർണത്തിനരികെ. പൂൾ മത്സരങ്ങളിൽ അനായാസ വിജയവുമായി സെമിയിലെത്തിയ ഇന്ത്യ മൂന്നിനെതിരെ അഞ്ചു ഗോളുകൾക്ക് പൊരുതിക്കളിച്ച ദക്ഷിണ കൊറിയയെ തോൽപിച്ചു. കലാശക്കളിയിൽ ജപ്പാനാണ് ഇന്ത്യയുടെ എതിരാളി. നിലവിലെ ചാമ്പ്യന്മാരായ ജപ്പാൻ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ചൈനയെ തോൽപിച്ചു. അവസാനമായി ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിൽ കിരീടം നേടിയ ഇന്ത്യക്ക് സ്വർണം വീണ്ടെടുക്കാനായാൽ പാരിസ് ഒളിമ്പിക്സിൽ നേരിട്ട് യോഗ്യത നേടാം. പൂൾ മത്സരത്തിൽ ഇന്ത്യ ജപ്പാനെ തോൽപിച്ചിരുന്നു.
പ്രാഥമിക റൗണ്ടിൽ ഗോളടിച്ചുകൂട്ടിയതിന്റെ മികവുമായി വന്ന ഇന്ത്യ ആദ്യ ക്വാർട്ടറിൽ തുടരെ മൂന്നു ഗോളുകളടിച്ച് ഉജ്ജ്വലമായി തുടങ്ങിയെങ്കിലും കൊറിയ ഒന്നാന്തരമായി മത്സരത്തിലേക്ക് തിരിച്ചുവരുകയായിരുന്നു. ഹാർദിക് സിങ്, മൻദീപ് സിങ്, ലളിത് കുമാർ എന്നിവരാണ് ആദ്യ മൂന്നു ഗോളുകൾ നേടിയത്. വീണ്ടുമൊരു ഏകപക്ഷീയ പോരാട്ടത്തിന്റെ സൂചനകൾ അസ്ഥാനത്താക്കിയാണ് കൊറിയയുടെ തിരിച്ചുവരവ്. ഹാട്രിക് നേടിയ മാൻജെ ജുങ്ങാണ് പോരാട്ടം നയിച്ചത്.
രണ്ടാം ക്വാർട്ടറിൽ തുടരെ കൊറിയ രണ്ടു ഗോളുകൾ തിരിച്ചടിച്ചതോടെ ചാമ്പ്യൻഷിപ്പിൽ ആദ്യമായി ഇന്ത്യ സമ്മർദത്തിലായി. എന്നാൽ, അമിത് രോഹിദാസിന്റെ ഗോളിലൂടെ ഇന്ത്യ വീണ്ടും ലീഡുയർത്തി. മൂന്നാം ക്വാർട്ടറിൽ കൊറിയ ജുങ്ങിലൂടെ ഒരു ഗോൾകൂടി മടക്കിയതോടെ എന്തും സംഭവിക്കാമെന്ന ഘട്ടമെത്തി. ഒടുവിൽ ഇന്ത്യൻ പ്രത്യാക്രമണത്തിനിടെ അഭിഷേക് നേടിയ ഗോൾ ഇന്ത്യയുടെ വിജയമുറപ്പിച്ചു. വനിത വിഭാഗം സെമിയിൽ ഇന്ത്യ ഇന്ന് ചൈനയെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.