പാരിസ്: മാസ്മരിക സ്പർശവുമായി നായകൻ ഹർമൻപ്രീത് സിങ് ഒരിക്കലൂടെ രക്ഷകനായ ദിനത്തിൽ അർജന്റീനയെ ഒപ്പം പിടിച്ച് ഇന്ത്യ. അവസാനംവരെയും എതിരാളികൾ ഒരു ഗോളിന് മുന്നിൽനിന്ന മത്സരത്തിൽ തുടർച്ചയായി ലഭിച്ച പെനാൽറ്റി കോർണറുകൾക്കൊടുവിൽ ക്യാപ്റ്റൻ വല കുലുക്കിയാണ് ടീം വിലപ്പെട്ട സമനിലയും ഒരു പോയന്റും പിടിച്ചത്. പൂൾ ബിയിലെ ആദ്യ മത്സരത്തിൽ ശനിയാഴ്ച ന്യൂസിലൻഡിനെ തോൽപിച്ചിരുന്നു.
മുൻ ദേശീയ ക്രിക്കറ്റ് ടീം പരിശീലകൻ രാഹുൽ ദ്രാവിഡ് കാഴ്ചക്കാരനായെത്തിയ മൈതാനത്ത് ഇന്ത്യയുടെ പ്രകടം തുടക്കത്തിൽ മന്ദഗതിയിലായിരുന്നു. ഹാർദികും മൻപ്രീതും നയിച്ച മധ്യനിര തിളങ്ങാതെ പോയപ്പോൾ അവസരം മുതലെടുത്ത് ലാറ്റിൻ അമേരിക്കൻ ടീം ആദ്യം സ്കോർ ചെയ്തു. 22ാം മിനിറ്റിൽ ലുകാസ് മാർടിനെസായിരുന്നു സ്കോറർ. പിന്നെയും മൈതാനത്തെ ആധിപത്യം അർജന്റീനക്ക് തന്നെയായി തുടർന്നു. എതിർ സർക്കിളിലേക്ക് പറന്നുകയറാനുള്ള ഇന്ത്യൻ ശ്രമങ്ങൾ എതിർ പ്രതിരോധം കോട്ടകെട്ടി തടഞ്ഞുനിർത്തി.
തുടരെ ആക്രമണങ്ങൾ നയിച്ച് എതിർവല കുലുക്കാൻ നടത്തിയ ശ്രമങ്ങൾ പാഴായതോടെ തോൽവിയോടെ മടക്കമെന്ന് തോന്നിച്ച ഘട്ടത്തിലായിരുന്നു 58ാം മിനിറ്റിലെ സമനില ഗോൾ. ഒമ്പതുവട്ടം പെനാൽറ്റി കോർണറുകൾ അനുകൂലമായി ലഭിച്ചിട്ടും വലയിലെത്തിക്കാനാകാത്തതിന്റെ പ്രായശ്ചിത്തമെന്നോണം ക്യാപ്റ്റൻ തകർപ്പൻ ഷോട്ടിൽ വല കുലുക്കുകയായിരുന്നു. ന്യൂസിലൻഡിനെതിരെയും അവസാന മിനിറ്റുകളിൽ പെനാൽറ്റി സ്ട്രോക്ക് വലയിലെത്തിച്ച് ഹർമൻപ്രീതാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചിരുന്നത്. 36ാം മിനിറ്റിൽ അർജന്റീനക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി മെയ്കോ കാസല്ല പുറത്തേക്കടിച്ചുകളഞ്ഞത് ഇന്ത്യക്ക് ആശ്വാസമായി.
രണ്ടു കളികളിൽ നാലു പോയന്റുമായി ഗ്രൂപ്പിൽ ഇന്ത്യ മൂന്നാമതാണ്. ബെൽജിയം, ആസ്ട്രേലിയ ടീമുകളാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. അർജന്റീന നാലാമതുമാണ്.
ആദ്യ നാലിലെത്താനായാൽ മാത്രമേ ഇന്ത്യക്ക് ക്വാർട്ടർ കാണാനാകൂ. ചൊവ്വാഴ്ച അയർലൻഡാണ് ഇന്ത്യക്ക് അടുത്ത എതിരാളികൾ. റയോ ഒളിമ്പിക്സ് ചാമ്പ്യന്മാരായ അർജന്റീന ആദ്യ മത്സരത്തിൽ കരുത്തരായ ആസ്ട്രേലിയയോട് ഒരു ഗോളിന് തോൽവി സമ്മതിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.