ചെന്നൈ: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റിലെ സെമിഫൈനൽ മത്സരങ്ങൾ വെള്ളിയാഴ്ച നടക്കും. നിലവിലെ ചാമ്പ്യന്മാരായ ദക്ഷിണ കൊറിയയും മലേഷ്യയും തമ്മിലാണ് ആദ്യ കളി. ആതിഥേയരായ ഇന്ത്യ രാത്രി നടക്കുന്ന രണ്ടാം സെമിയിൽ ജപ്പാനെയും നേരിടും. റൗണ്ട് റോബിൻ ലീഗിൽ അപരാജിത കുതിപ്പോടെ 13 പോയന്റ് നേടി ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ അന്തിമ നാലിലെത്തിയത്. ജപ്പാനാവട്ടെ നാലാം സ്ഥാനക്കാരായി കടന്നുകൂടുകയായിരുന്നു.
ടൂർണമെന്റിൽ ഇതുവരെ 20 ഗോൾ നേടിയ ഇന്ത്യ അഞ്ചെണ്ണം മാത്രമാണ് വഴങ്ങിയത്. ചൈനക്കും മലേഷ്യക്കും കൊറിയക്കും പാകിസ്താനുമെതിരെ ആധികാരിക ജയങ്ങൾ നേടാൻ ഹർമൻപ്രീത് സിങ്ങിനും സംഘത്തിനും കഴിഞ്ഞെങ്കിലും ജപ്പാനെതിരെ 1-1 സമനില വഴങ്ങുകയായിരുന്നു.
ക്രെയ്ഗ് ഫുൾട്ടൻ പരിശീലിപ്പിക്കുന്ന ഇന്ത്യൻ സംഘത്തിൽ ക്യാപ്റ്റനു പുറമെ അക്ഷദീപ് സിങ്, മൻദീപ് സിങ്, ജുഗ്രാജ് സിങ് തുടങ്ങിയവരെല്ലാം ഉജ്ജ്വല ഫോമിലാണ്. ആതിഥേയരെ ലീഗ് റൗണ്ടിൽ പിടിച്ചുകെട്ടിയതിന്റെ ആത്മവിശ്വാസം ജപ്പാനുമുണ്ട്. 2021ലെ സെമിയിൽ ഇന്ത്യ 3-5ന് ജപ്പാനോട് തോറ്റതും കൂട്ടിവായിക്കണം. ലീഗ് റൗണ്ടിൽ ജാപ്പനീസ് സംഘത്തെ ഏകപക്ഷീയമായ ആറു ഗോളിന് നിലംപരിശാക്കിയ ശേഷമായിരുന്നു ഈ വീഴ്ച.
ഇക്കുറി ലീഗിൽ ഇന്ത്യയോട് തോറ്റ് മറ്റു നാലു മത്സരങ്ങളും ജയിച്ച് 12 പോയന്റോടെ രണ്ടാം സ്ഥാനക്കാരായി സെമിയിലെത്തിയ ടീമാണ് മലേഷ്യ.കൊറിയക്കാരാവട്ടെ, ജപ്പാനെ മാത്രം തോൽപിച്ച് ചൈനയോടും പാകിസ്താനോടും സമനിലയും വഴങ്ങി ഇന്ത്യയോടും മലേഷ്യയോടും പരാജയവും രുചിച്ച് അഞ്ചു പോയന്റുമായാണ് കടന്നത്. അഞ്ചാം സ്ഥാനക്കാരെ നിശ്ചയിക്കുന്ന മത്സരത്തിൽ ഇന്ന് പാകിസ്താനും ചൈനയും ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.