ഹോക്കിയിൽ ഇന്ത്യൻ പുരുഷ ടീമിന് ഇന്ന് ആദ്യ പരീക്ഷണം. സ്വർണ നേട്ടത്തിലൂടെ പാരിസ് ഒളിമ്പിക്സിന് നേരിട്ടു യോഗ്യത നേടുകയെന്ന ലക്ഷ്യവുമായി വന്ന ഇന്ത്യ സെമിയിൽ ദക്ഷിണ കൊറിയയെ നേരിടും. പൂൾ എയിലെ അഞ്ചു മത്സരങ്ങളിൽ 58 ഗോളുകൾ അടിച്ചുകൂട്ടി അഞ്ചെണ്ണം മാത്രം തിരിച്ചുവാങ്ങിയ ഇന്ത്യക്ക് നിലവിലെ ചാമ്പ്യന്മാരായ ജപ്പാനും (4-2) പാകിസ്താനും (10-1) പോലും കാര്യമായ വെല്ലുവിളി ഉയർത്തിയില്ല.
തിങ്കളാഴ്ച നടന്ന ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ബംഗ്ലാദേശിനെ ഒരു ഡസൻ ഗോളുകൾക്ക് തകർത്തുവിട്ട ഇന്ത്യ ആദ്യ മത്സരങ്ങളിൽ ഉസ്ബകിസ്താനെയും (16-0) സിംഗപ്പൂരിനെയും തകർത്തുവിട്ടിരുന്നു. പൂൾ ബിയിലെ രണ്ടാം സ്ഥാനക്കാരായ കൊറിയ ദോഹ ഗെയിംസ് ജേതാക്കളാണ്. അവസാനം കൊറിയയുമായി നടന്ന മത്സരത്തിൽ ഇന്ത്യക്കായിരുന്നു നേരിയ ജയം.
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇരു ടീമുകളും 17 പ്രാവശ്യം ഏറ്റുമുട്ടിയതിൽ എട്ടെണ്ണത്തിൽ ഇന്ത്യയും മൂന്നെണ്ണത്തിൽ കൊറിയയും ജയിച്ചു. ആറെണ്ണം സമനിലയിലായി. കഴിഞ്ഞ തവണ സെമിയിൽ മലേഷ്യയോട് ടൈബ്രേക്കറിൽ തോറ്റ ഇന്ത്യ 2014ലെ ഇഞ്ചിയോൺ ഗെയിംസിലാണ് അവസാനമായി സ്വർണം നേടിയത്. ജപ്പാനും ചൈനയും തമ്മിലാണ് മറ്റൊരു സെമി. ഇന്ത്യൻ സമയം 1.30നാണ് ഇന്ത്യ-കൊറിയ സെമി ഫൈനൽ.
വനിത ഹോക്കിയിൽ ഇന്ത്യ സെമി ഉറപ്പിച്ചു. ഇന്നലെ നടന്ന പൂളിലെ അവസാന മത്സരത്തിൽ മറുപടിയില്ലാത്ത 13 ഗോളുകൾക്ക് തകർത്താണ് ഇന്ത്യൻ മുന്നേറ്റം. ഇതോടെ നാലു കളികളിൽനിന്ന് മൂന്നു ജയവും ഒരു സമനിലയുമായി ഇന്ത്യക്ക് 10 പോയന്റായി.
വൈസ് ക്യാപ്റ്റൻ ദീപ് ഗ്രേസ് എക്ക, വന്ദന കതാരിയ, ദീപിക എന്നിവരുടെ ഹാട്രിക് മികവിലാണ് ഇന്ത്യയുടെ ഗോൾ വർഷം. സംഗീത കുമാരി രണ്ടും മോണിക്കയും നവ്നീത് കൗറും ഓരോ ഗോളും നേടി. ഗോൾ ശരാശരിയിൽ പൂൾ എയിൽ ഒന്നാമതെത്തിയ ഇന്ത്യ സെമിയിൽ പൂൾ ബിയിലെ രണ്ടാം സ്ഥാനക്കാരെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.