ബംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഇന്ത്യൻ ഹോക്കി താരം വരുൺ കുമാറിനെതിരെ പോസ്കോ കേസ്. ബംഗളൂരു സ്വദേശിനിയായ 22കാരിയാണ് ഹോക്കി ഇന്ത്യ ലീഗിൽ പഞ്ചാബ് വാരിയേഴ്സിന്റെ പ്രതിരോധ താരം കൂടിയായ 28കാരനെതിരെ ബംഗളൂരു പൊലീസിൽ പരാതി നൽകിയത്.
2019ൽ ഇൻസ്റ്റഗ്രാമിലൂടെയാണ് വരുൺകുമാറിനെ പരിചയപ്പെടുന്നതെന്നും അന്ന് തനിക്ക് 17 വയസ്സായിരുന്നെന്നും വിവാഹ വാഗ്ദാനം നൽകി പലതവണ പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. പരിശീലന ക്യാമ്പുകൾക്കായി ബംഗളൂരുവിലെ സായ് സ്റ്റേഡിയത്തിൽ വരുമ്പോൾ വരുൺ കുമാർ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമായിരുന്നെന്നും യുവതി പറയുന്നു.
ഹിമാചൽ പ്രദേശ് സ്വദേശിയായ വരുൺ കുമാർ പഞ്ചാബിലെ ജലന്ധറിലാണ് താമസിച്ചിരുന്നത്. ടോക്യോ ഒളിമ്പിക്സിൽ വെങ്കലവും 2022ലെ ഏഷ്യൻ ഗെയിൽസിൽ സ്വർണവും നേടിയ ഇന്ത്യൻ ഹോക്കി ടീമിൽ അംഗമായിരുന്നു വരുൺ കുമാർ. ഒളിമ്പിക്സിൽ വെങ്കലം നേടിയതിന് പിന്നാലെ ഹിമാചൽ പ്രദേശ് സർക്കാർ താരത്തിന് ഒരു ലക്ഷം രൂപ സമ്മാനിച്ചിരുന്നു. വരുൺ കുമാർ ഒളിവിലാണെന്നും കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.