റൂർക്കേല: ലോകകപ്പ് ഹോക്കിയിൽ വിജയത്തോടെ തുടങ്ങിയ ഇന്ത്യക്ക് ഞായറാഴ്ച രണ്ടാം മത്സരം. രാത്രി ഏഴിന് ബിർസമുണ്ട സ്റ്റേഡിയത്തിൽ നടക്കുന്ന കളിയിൽ ഇംഗ്ലണ്ടാണ് ആതിഥേയരുടെ എതിരാളികൾ. ആദ്യ മത്സരത്തിൽ സ്പെയിനിനെതിരായ 2-0ത്തിന്റെ ആധികാരിക ജയം നൽകിയ ആത്മവിശ്വാസത്തിലാണ് ഹർമൻപ്രീത് സിങ്ങും സംഘവും ഇന്നിറങ്ങുന്നത്.
പൂൾ ‘ഡി’യിലാണ് ഇന്ത്യ. പൂളിൽ വെയ്ൽസിനെ എതിരില്ലാത്ത അഞ്ചു ഗോളിന് തകർത്തതിന്റെ ആവേശത്തിലാണ് ഇംഗ്ലീഷ് സംഘം ഇന്ത്യയെ നേരിടാനെത്തുന്നത്. വിജയം ആവർത്തിക്കുന്നത് ഇരുകൂട്ടരെയും സംബന്ധിച്ച് ക്വാർട്ടർ ഫൈനലിലേക്ക് ഏറെ അടുക്കാൻ വഴിവെക്കും.
ഇന്ത്യയുടെ അവസാന മത്സരം വ്യാഴാഴ്ച വെയ്ൽസിനെതിരെയാണ്. താരതമ്യേന ദുർബലരാണ് വെയ്ൽസ് എങ്കിലും ഇന്നത്തെ മത്സരം തോൽക്കാതിരിക്കുക ആതിഥേയരെ സംബന്ധിച്ച് സുപ്രധാനമാണ്. സ്പെയിനിനെതിരെ ആദ്യ രണ്ടു ക്വാർട്ടറിലും മികച്ച ആക്രമണമാണ് ഇന്ത്യ പുറത്തെടുത്തത്.
പെനാൽറ്റി കോർണറിൽനിന്ന് സ്കോർ ചെയ്ത് അമിത് രോഹിദാസ് തുടക്കമിട്ടു. ഹാർദിക് സിങ് ലീഡ് ഇരട്ടിപ്പിക്കുകയായിരുന്നു. 21,000 പേർക്കിരിക്കാവുന്ന ബിർസമുണ്ടയിലെ നിറഞ്ഞ ഗാലറിയെ സാക്ഷിനിർത്തിയായിരുന്നു ജയം.
പൂളിലെ മറ്റൊരു മത്സരത്തിൽ ഇന്ന് സ്പെയിനും വെയ്ൽസും ഏറ്റുമുട്ടും. തോറ്റവരെന്ന നിലയിൽ രണ്ടു കൂട്ടർക്കും നിലനിൽപിന്റെ പ്രശ്നംകൂടിയാണ് ഈ കളി.
ഭുവനേശ്വർ/റൂർക്കേല: ലോകകപ്പ് ഹോക്കി പൂൾ ‘സി’ മത്സരങ്ങളിൽ നെതർലൻഡ്സ് 3-0ത്തിന് മലേഷ്യയെയും ന്യൂസിലൻഡ് 3-1ന് ചിലിയെയും തോൽപിച്ചു. തീസ് വാൻ ഡാം (19), ജിപ് ജാൻസെൻ (23), ട്യൂൺ ബെയ്ൻസ് (46) എന്നിവരാണ് ഡച്ച് ടീമിന്റെ സ്കോറർമാർ.
ചിലിക്കെതിരെ കിവികൾക്കായി സാം ലേൻ (9), സാം ഹിഹാ (11, 18) എന്നിവരും ഗോൾ നേടി. 49ാം മിനിറ്റിൽ ഇഗാനിരോ കോണ്ടാർഡോയുടെ സ്റ്റിക്കിൽ നിന്നായിരുന്നു ചിലിയുടെ ആശ്വാസ ഗോൾ. പൂൾ ബിയിൽ നിലവിലെ ചാമ്പ്യന്മാരായ ബെൽജിയം 5-0ത്തിന് ദക്ഷിണ കൊറിയയെയും ജർമനി 3-0ത്തിന് ജപ്പാനെയും തകർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.