ശ്രീനഗർ: മൂന്ന് ക്രിക്കറ്റ് താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്(പി.സി.ബി). ഓൾ റൗണ്ടറായ ഷദബ് ഖാൻ, ബാറ്റ്സ്മാൻ ഹൈദർ അലി, ഫാസ്റ്റ് ബൗളർ ഹാരിസ് റഊഫ് എന്നിവർക്കാണ് കോവിഡ് ബാധിച്ചതായി കണ്ടെത്തിയതെന്ന് പി.സി.ബി വാർത്താകുറിപ്പിൽ അറിയിച്ചു. ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി റാവൽപിണ്ടിയിൽ വെച്ച് നടന്ന പരിശോധനയിലാണ് താരങ്ങൾക്ക് കോവിഡ് ബാധ കണ്ടെത്തിയത്. മൂവർക്കും കോവിഡ് രോഗ ലക്ഷണങ്ങളൊന്നും തന്നെ ഇല്ലായിരുന്നുവെന്നും ബോർഡ് വ്യക്തമാക്കി.
രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് മൂന്നു പേരോടും ഉടനെ സ്വയം നിരീക്ഷണത്തിൽ പോകാൻ നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ ഇവരുമായി സമ്പർക്കം പുലർത്തിയ മെഡിക്കൽ പാനലിനോടും നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്.
റാവൽപിണ്ടിയിൽ നിന്ന് പരിശോധനക്ക് വിധേയമാക്കിയ ഇമാദ് വാസിം, ഉസ്മാൻ ഷിൻവാരി എന്നിവരുടെ ഫലം നെഗറ്റീവ് ആണ്. ഇവർ ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി ബുധനാഴ്ച ലാഹോറിലേക്ക് തിരിക്കും.
മറ്റ് താരങ്ങളും ഉദ്യോഗസ്ഥരും കറാച്ചി, ലാഹോർ, പെഷവാർ എന്നീ കേന്ദ്രങ്ങളിൽ കോവിഡ് പരിശോധന നടത്തിയിട്ടുണ്ട്. അവരുടെ പരിശോധന ഫലം ചൊവ്വാഴ്ച ലഭിക്കും. പാകിസ്താൻ ഈ മാസം 28നാണ് ഇംഗ്ലണ്ടിലേക്ക് തിരിക്കുന്നത്. മൂന്ന് വീതം ടെസ്റ്റുകളും ട്വൻറി20 മത്സരങ്ങളുമാണുള്ളത്.
ടെസ്റ്റ്പരമ്പരയിലെ ആദ്യ മത്സരം ആഗസ്റ്റ് അഞ്ച് മുതൽ ഒമ്പത് വരെ മാഞ്ചസ്റ്ററിലെ ഓൾഡ് ട്രഫോൾഡ് സ്റ്റേഡിയത്തിൽ നടക്കും. രണ്ടാമത്തെ മത്സരം 13 മുതൽ 17 വരെയും മൂന്നാമത്തേത് 21 മുതൽ 25 വരെയും സതാംപ്ടനിലാണ് നടക്കുക. ട്വൻറി20 മത്സരങ്ങളും ഇവിടെയാണ്. ആഗസ്റ്റ് 28, 30, സെപ്റ്റംബർ ഒന്ന് തീയതികളിലാണ് ട്വൻറി20 മത്സരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.