അസ്ലന്‍ഷാ ഹോക്കി; ന്യൂസിലന്‍ഡില്‍ ഇന്ത്യ വീണു

ഇപോ (മലേഷ്യ): അസ്ലന്‍ഷാ ഹോക്കിയില്‍ വെല്ലുവിളികളില്ലാതെ ഫൈനലില്‍ ഇടം നേടാനുള്ള അവസരം ഇന്ത്യ കളഞ്ഞുകുളിച്ചു. പാകിസ്താനെതിരെ നേടിയ തകര്‍പ്പന്‍ ജയത്തിന്‍െറ ആത്മവിശ്വാസവുമായി നിലവിലെ ചാമ്പ്യന്മാരായ ന്യൂസിലന്‍ഡിനെതിരെ ഇറങ്ങിയ ഇന്ത്യക്ക് 2-1ന് തോല്‍വി. ഇതോടെ, ഫൈനല്‍ പ്രവേശത്തിന് വെള്ളിയാഴ്ച മലേഷ്യക്കെതിരെ ജയം അനിവാര്യമായി. കളിയുടെ 28ാം മിനിറ്റില്‍ കെന്‍ റസലിന്‍െറ ഗോളിലൂടെ ന്യൂസിലന്‍ഡാണ് മുന്നിലത്തെിയത്. പക്ഷേ, 36ാം മിനിറ്റില്‍ മന്‍ദീപ് സിങ് ഇന്ത്യക്ക് സമനില സമ്മാനിച്ചെങ്കിലും അഞ്ചു മിനിറ്റിനകം കിവികള്‍ തിരിച്ചടിച്ചു. 41ാം മിനിറ്റില്‍ നിക് വില്‍സന്‍െറ വകയായിരുന്നു വിജയഗോള്‍.

ആറ് കളിയും പൂര്‍ത്തിയായ ന്യൂസിലന്‍ഡ് 11 പോയന്‍റുമായി രണ്ടാം സ്ഥാനത്താണുള്ളത്.
അഞ്ച് കളിയില്‍ ഒമ്പതു പോയന്‍റുമായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അതേസമയം, ഇത്രയും കളിയില്‍നിന്ന് എട്ട് പോയന്‍റുള്ള മലേഷ്യ ആതിഥേയരെന്ന നിലയില്‍ ഇന്ത്യയുടെ ഫൈനല്‍ സ്വപ്നത്തിന് വലിയ വെല്ലുവിളി തീര്‍ക്കും. ബുധനാഴ്ചത്തെ മത്സരത്തില്‍ പാകിസ്താനെ 1-0ത്തിന് തോല്‍പിച്ചാണ് മലേഷ്യ നാലാം സ്ഥാനത്തേക്ക് മുന്നേറിയത്.

രണ്ടു തവണ ചാമ്പ്യന്മാരായ ന്യൂസിലന്‍ഡിനെതിരെ മികച്ച പ്രകടനമായിരുന്നു ഇന്ത്യ പുറത്തെടുത്തത്. ഗോള്‍ വഴങ്ങിയിട്ടും തിരിച്ചടിച്ച് ഒപ്പമത്തെിയെങ്കിലും അവസാന നിമഷത്തില്‍ വഴങ്ങിയ ഗോള്‍ സ്വന്തം പ്രതിരോധത്തിലെ വന്‍ വീഴ്ചയിലായിരുന്നു.
അഞ്ച് കളിയില്‍ 15 പോയന്‍റുമായി ആസ്ട്രേലിയ ഫൈനല്‍ ടിക്കറ്റുറപ്പിച്ചു. ജപ്പാനെ 3-1ന് തോല്‍പിച്ചാണ് ഓസിസ് ഒരു കളി ബാക്കിനില്‍ക്കെ ഫൈനലില്‍ ഇടം നേടിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.