അസ് ലൻഷാ കപ്പ് ഹോക്കി: ഇന്ത്യയെ പരാജയപ്പെടുത്തി ആസ്ട്രേലിയ ജേതാക്കൾ

ഇപോ: ആസ്ട്രേലിയയെ കാണുമ്പോള്‍ കളി മറക്കുകയെന്ന ശീലം ഇന്ത്യ ആവര്‍ത്തിച്ചു. അഞ്ചുവര്‍ഷത്തിനു ശേഷം അസ്ലന്‍ഷാ ഹോക്കിയില്‍ കിരീടമണിയാനുള്ള സുവര്‍ണാവസരത്തില്‍ കളിമറന്ന ഇന്ത്യന്‍ വലയിലേക്ക് ആസ്ട്രേലിയ അടിച്ചുകയറ്റിയത് നാല് ഗോള്‍. ഒരുഗോള്‍ പോലുമടിക്കാതെ സര്‍ദാര്‍ സിങ്ങും കൂട്ടരും മടങ്ങുകയും ചെയ്തു. കളിയുടെ ആദ്യ ക്വാര്‍ട്ടറില്‍ ഒപ്പത്തിനൊപ്പം പൊരുതിയ ഇന്ത്യ പ്രതീക്ഷകള്‍ നല്‍കിയെങ്കിലും പിന്നീട് പ്രതിരോധക്കെട്ട് പൊട്ടിപ്പിളര്‍ന്നു. രണ്ട് ഗോള്‍ വീതമടിച്ച് തോമസ് വില്യം ക്രെയ്ഗും (25, 35 മിനിറ്റ്), മാറ്റ് ഗോഡസും (43, 57 മിനിറ്റ്) എന്നിവരാണ് ഓസിസിന് വിജയമൊരുക്കിയത്. 

നിലവിലെ ലോക ഒന്നാം നമ്പര്‍ ടീം കൂടിയായ ആസ്ട്രേലിയയുടെ ഒമ്പതാം കിരീടനേട്ടമാണിത്. കഴിഞ്ഞ വര്‍ഷം ഫൈനലില്‍ ന്യൂസിലന്‍ഡിന് മുന്നില്‍ കൈവിട്ട കിരീടമാണ് ഓസിസ് തിരിച്ചുപിടിച്ചത്. ആദ്യ ക്വാര്‍ട്ടറില്‍ മികച്ച നീക്കങ്ങളുമായി രമണ്‍ദീപും രുപീന്ദര്‍ പാല്‍ സിങ്ങും ഓസീസ്  ഗോള്‍മുഖത്ത് നിര്‍ണായക നീക്കങ്ങള്‍ തീര്‍ത്തു. ഇതിനിടെ പത്താം മിനിറ്റില്‍ ഓസീസിന് ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ ഇന്ത്യന്‍ ഡിഫന്‍ഡര്‍മാര്‍ മനോഹരമായി തട്ടിയകറ്റുകയും ചെയ്തതോടെ ഗാലറിയിലും ആരവമുയര്‍ന്നു. ഗോള്‍രഹിതമായി രണ്ടാം ക്വാര്‍ട്ടറിലേക്ക് കടന്ന് മിനിറ്റുകള്‍ക്കകം ഇന്ത്യക്കനുകൂലമായി പെനാല്‍റ്റി കോര്‍ണര്‍. സര്‍ദാര്‍ സിങ്ങിന്‍െറ കോര്‍ണര്‍ രുപീന്ദര്‍ പാല്‍ സിങ്ങിന് ഗോള്‍മുഖത്തേക്ക് കണക്ട് ചെയ്യാന്‍ കഴിഞ്ഞില്ല. ഇതിനിടെയാണ് ഓസീസിന്‍െറ ആദ്യ ഗോള്‍ പിറന്നത്. രണ്ട് ഇന്ത്യന്‍ ഡിഫന്‍ഡര്‍മാരെ കബളിപ്പിച്ച് ക്രെയ്ഗ് തൊടുത്ത ഷോട്ട് ഗോളി ആകാശ് ചിക്തെയെയും കടന്ന് വലയിലേക്ക്. 

മൂന്നാം ക്വാര്‍ട്ടറില്‍ ക്രെയ്ഗ് വീണ്ടും വലകുലുക്കിയതോടെ ഇന്ത്യക്കാര്‍ തീര്‍ത്തും പ്രതിരോധത്തിലായി. അടുത്ത രണ്ട് ക്വാര്‍ട്ടറിലും രണ്ട് ഗോള്‍ കൂടി വഴങ്ങി. ആറാം കിരീടം സ്വപ്നം കണ്ടിറങ്ങിയ ഇന്ത്യ രണ്ടാം സ്ഥാനക്കാരായിആതിഥേയരായ മലേഷ്യയെ തോല്‍പിച്ച് ന്യൂസിലന്‍ഡ് മൂന്നാമതത്തെി. 3-3ന് സമനിലയില്‍ പിരിഞ്ഞതോടെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4നായിരുന്നു കിവികളുടെ ജയം. കാനഡയെ 3-1ന് തോല്‍പിച്ച് പാകിസ്താന്‍ അഞ്ചാമതായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.