ഒളിമ്പിക്സിലെ ഉന്നമില്ലാ ഷൂട്ടിങ്: ബിന്ദ്രയുടെ നേതൃത്വത്തില്‍ അന്വേഷണ സമിതിയെ നിയോഗിച്ചു

ന്യൂഡല്‍ഹി: ഒളിമ്പിക്സില്‍ ഇന്ത്യന്‍ ഷൂട്ടിങ് താരങ്ങളുടെ ദയനീയ പ്രകടനത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേശീയ റൈഫിള്‍ അസോസിയേഷന്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. ഒളിമ്പിക്സില്‍ പങ്കെടുത്ത ഷൂട്ടിങ് ടീം അംഗവും ബെയ്ജിങ്ങിലെ സ്വര്‍ണമെഡല്‍ ജേതാവുമായ അഭിനവ് ബിന്ദ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയെയാണ് നിയോഗിച്ചത്. ബിന്ദ്രയെ കുടാതെ മുന്‍ ടെന്നിസ് താരം മനീഷ മല്‍ഹോത്ര, റൈഫിള്‍ അസോസിയേഷന്‍ സെക്രട്ടറി രാജീവ് ഭാട്ടിയ, രണ്ടു മാധ്യമപ്രവര്‍ത്തകര്‍ എന്നിവരാണ് സമിതിയിലുള്ളത്.ഒരു മെഡല്‍പോലും നേടാനാവാതെ ഷൂട്ടിങ് ടീമിന് റിയോയില്‍നിന്ന് മടങ്ങേണ്ടിവന്നതിന്‍െറ  കാരണങ്ങള്‍ കണ്ടത്തെുന്നതിനുള്ള വിശദമായ അന്വേഷണമായിരിക്കും സമിതിയുടെ ദൗത്യമെന്ന് റൈഫിള്‍ അസോസിയേഷന്‍ വ്യക്തമാക്കി. നാലാഴ്ചക്കകം സമിതി പ്രസിഡന്‍റിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഈ മാസം 30നോ 31നോ സമിതി ആദ്യയോഗം ചേരുമെന്നാണ് സൂചന.

സമിതിയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തുകൊണ്ട് അന്വേഷണത്തിന് നേതൃത്വം നല്‍കാന്‍ തയാറാണെങ്കിലും ടീമിലെ സഹതാരങ്ങളെ ചോദ്യംചെയ്യുന്നതിന് താന്‍ ഒരുക്കമല്ളെന്ന് ബിന്ദ്ര റൈഫിള്‍ അസോസിയേഷനെ അറിയിച്ചിട്ടുണ്ട്. അതേസമയം, സമിതിയിലെ മറ്റംഗങ്ങള്‍ക്ക് ടീമംഗം എന്നനിലയില്‍ തന്നെ ചോദ്യംചെയ്യുന്നതിന് പ്രശ്നമില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിയോയില്‍ മെഡല്‍ നേടാനാവാതിരുന്നതോടെ ഇന്ത്യയുടെ ഏക വ്യക്തിഗത ഒളിമ്പിക്സ് സ്വര്‍ണമെഡല്‍ ജേതാവ് ഷൂട്ടിങ് റേഞ്ചില്‍നിന്ന് വിരമിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.