ജിമ്മി ജോര്‍ജ് അവാര്‍ഡ് പി.ആര്‍. ശ്രീജേഷിന്

പേരാവൂര്‍: സംസ്ഥാനത്തെ മികച്ച കായികതാരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ 28ാമത് അവാര്‍ഡിന് ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍ പി.ആര്‍. ശ്രീജേഷ് അര്‍ഹനായി. 25,000 രൂപയും പ്രശസ്തി ഫലകവുമാണ് അവാര്‍ഡ്. ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജോസ് ജോര്‍ജ്, അഞ്ജു ബോബി ജോര്‍ജ്, റോബര്‍ട്ട് ബോബി ജോര്‍ജ്, ദേവപ്രസാദ്, സെബാസ്റ്റ്യന്‍ ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായുള്ള ജൂറിയാണ് ശ്രീജേഷിനെ തെരഞ്ഞെടുത്തത്. 2004ല്‍ ദേശീയ ജൂനിയര്‍ ടീമിലും 2006ല്‍ സീനിയര്‍ ടീമിലും അംഗമായ ശ്രീജേഷ് 2016 റിയോ ഒളിമ്പിക്സില്‍ ഇന്ത്യന്‍ ഹോക്കി ടീമിന്‍െറ നായകനായിരുന്നു. മികച്ച ഹോക്കി താരത്തിനുള്ള ധ്രുവ ബത്ര അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

2014ല്‍ ഇന്‍ജിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം, കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി, 2015ലെ ഹോക്കി വേള്‍ഡ് ലീഗില്‍ വെങ്കലം, 2016ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ വെള്ളി തുടങ്ങിയ നേട്ടങ്ങളാണ് ശ്രീജേഷിനെ ജിമ്മി ജോര്‍ജ് അവാര്‍ഡിന് അര്‍ഹനാക്കിയത്. അവാര്‍ഡ് ഡിസംബര്‍ മൂന്നിന് പേരാവൂരില്‍ വിതരണം ചെയ്യും. ജിമ്മി ജോര്‍ജിന്‍െറ വേര്‍പാടിന് 29 വയസ്സ് തികയുന്ന നവംബര്‍ 30ന് തുണ്ടി ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ നാലു ദിവസം നീളുന്ന വോളിബാള്‍ ചാമ്പ്യന്‍ഷിപ്പും നടക്കും. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജോസ് ജോര്‍ജ്, സെബാസ്റ്റ്യന്‍ ജോര്‍ജ്, ജോസഫ് ജോര്‍ജ്, സ്റ്റാന്‍ലി ജോര്‍ജ്, ബൈജു ജോര്‍ജ്, എ.എം. ലത്തീഫ് എന്നിവര്‍ പങ്കെടുത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.