ജകാർത്ത: തുടർച്ചയായ സ്വർണവേട്ടക്കൊടുവിൽ ഇന്ത്യക്ക് വെള്ളിയാഴ്ച രണ്ടു വെള്ളികൾ മാത്രം. സ്വർണപ്രതീക്ഷയുമായി ഫൈനൽ പോരാട്ടത്തിനിറങ്ങിയ വനിതാ ഹോക്കി ടീം ജപ്പാനുമുന്നിൽ തോറ്റതോടെ വെള്ളിയിലൊതുങ്ങി. മറ്റൊരു വെള്ളി പായ്വഞ്ചിയോട്ടത്തിലും പിറന്നു. ഇതിനു പുറമെ നാല് വെങ്കലംകൂടി 14ാം ദിനം ഇന്ത്യയുടെ അക്കൗണ്ടിലെത്തി.
പുരുഷ ടീം ഫൈനൽ കാണാതെ വീണപ്പോൾ പ്രതീക്ഷകളത്രയും വനിതകളിലായിരുന്നു. എന്നാൽ, വിസിൽമുഴക്കത്തിനു പിന്നാലെ അവർ കളിമറന്നു. 60 മിനിറ്റ് പൂർത്തിയായപ്പോൾ ഏഷ്യൻ ഒന്നാം നമ്പറുകാരായ ഇന്ത്യ, ജപ്പാന് മുന്നിൽ 1-2ന് കീഴടങ്ങി 36 വർഷത്തിനു ശേഷം സ്വർണമെന്ന മോഹം നഷ്ടപ്പെടുത്തി.
അതിവേഗ നീക്കങ്ങളിലൂെട കളിച്ച ജപ്പാൻ ഇന്ത്യൻ പെൺപടയെ വരിഞ്ഞുകെട്ടി. 11ാം മിനിറ്റിൽ മിനാമി ഷിമിസുവിലൂടെ ജപ്പാൻ ലീഡെടുത്തു. രണ്ടാം ക്വാർട്ടറിലെ 25ാം മിനിറ്റിലാണ് നേഹ ഗോയൽ ഇന്ത്യയുടെ സമനില പിടിച്ചത്. പക്ഷേ, വിജയ ഗോളിനായുള്ള ദാഹത്തിനിടെ ജപ്പാെൻറ നായിക തിരിച്ചടിച്ചു. 44ാം മിനിറ്റിൽ മൊടോമി കവമുരയുടെ ഗോളിൽ 1-2ന് ജപ്പാൻ ജയിച്ചു.
18ാമത് ഏഷ്യൻ ഗെയിംസിന് നാളെ കൊടിയിറങ്ങാനിരിക്കെ മത്സരങ്ങളെല്ലാം ശനിയാഴ്ച അവസാനിക്കും. സമാപനചടങ്ങളുടെ ദിനമായ ഞായറാഴ്ച, ട്രയാത്ലൺ മത്സരം മാത്രമേ ബാക്കിയുണ്ടാവൂ.
ചൈനീസ് കുതിപ്പ്
ഒരു പോരാട്ടദിനം കൂടി ബാക്കിനിൽക്കെ എതിരാളികളെ പിന്തള്ളി ചൈന ബഹുദൂരം മുന്നിൽ. 117 സ്വർണവും 84 വെള്ളിയും 60 വെങ്കലവും അടക്കം 261 മെഡലുകളാണ് ചൈന പോക്കറ്റിലാക്കിയത്. ജപ്പാൻ (69 സ്വർണം), ദക്ഷിണ കൊറിയ (43), ഇന്തോനേഷ്യ (30) എന്നിവരാണ് പിന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.